കാക്കനാട്: തൃക്കാക്കരയിൽ തെരുവുനായ് ആക്രമണം തുടർക്കഥയാവുന്നു. ഞായറാഴ്ച്ച കാക്കനാട് ജങ്ഷനിൽ രണ്ടു പേരെ തെരുവുനായ് ആക്രമിച്ചു. കലക്ടറേറ്റ് ജങ്ഷനിലെ ഓട്ടോഡ്രൈവർക്കും നിലം പതിഞ്ഞിയിലെ സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമാണ് ഞായറാഴ്ച നായുടെ കടിയേറ്റത്.
കലക്ടറേറ്റ് ഓട്ടോ സ്റ്റാൻഡിൽ വച്ച് രാവിലെ എട്ടിനാണ് ഓട്ടോ ഡ്രൈവറായ തുതിയൂർ സ്വദേശി ചാത്തംവേലി വിപിൻ ദാസിനെ (41) തെരുവുനായ് അക്രമിച്ചത്. ഓട്ടോ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സമയത്ത് രണ്ട് തെരുവു നായ്കളിൽ ഒന്ന് വിപിന്റെ ഇടതു കാലിൽ മുട്ടിന് കടിക്കുകയായിരുന്നു.
കാലിൽ കടിച്ചുതൂങ്ങിയ നായെ സമീപമുണ്ടായിരുന്ന മറ്റൊരു ഓട്ടോ ഡ്രൈവർ സുരേഷ് കസേര കൊണ്ട് എറിഞ്ഞു വേർപെടുത്തുകയായിരുന്നു. പിന്നീട് സുരേഷിനെ ആക്രമിക്കാൻ നായ ഓടിച്ചെങ്കിലും സമീപത്തെ റോഡിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
നിലംപതിഞ്ഞിമുകളിലെ സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ഞായറാഴ്ച രാവിലെ തെരുവുനായുടെ കടിയേറ്റു. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസക്ക് ശേഷം വീടുകളിൽ വിശ്രമത്തിലാണ്.
ഒരു മാസം മുമ്പ് ഇടച്ചിറയിൽ അഞ്ചു പേരെ തെരുവ് നായ് കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കലക്ടറേറ്റ് വളപ്പിനുള്ളിലും, തുതിയൂർ, ഈച്ചമുക്ക്, ടി.വി സെൻറർ, കുന്നുംപുറം, എൻ.ജി.ഒ കോർട്ടേഴ്സ്, അത്താണി, തെങ്ങോട്, ഇൻഫോപാർക്ക് പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഞായറാഴ്ച മുണ്ടംപാലത്ത് ഒരാളെ നായ് കടിച്ചുപരിക്കേൽപ്പിച്ചു. നായ്ക്ക് പേയുള്ളതാണെന്ന സംശയം ആശങ്കക്കിടയാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.