ആലങ്ങാട്: പാതകളിൽകൂടി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാർക്കും വിദ്യാർഥികൾ ഉൾപ്പെടെ നാട്ടുകാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പകൽ ആലങ്ങാട് കോട്ടപ്പുറം ജങ്ഷനിൽ നായ്ക്കൂട്ടം ദീർഘനേരം കടിപിടി കൂടിയത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
കോട്ടപ്പുറം ബസ് കാത്തുനിൽപ് കേന്ദ്രത്തിന് സമീപം നിന്ന വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രികർക്കും നേരെ നായ്ക്കൾ കുരച്ചുചാടിയതായി പ്രദേശവാസികൾ പറയുന്നു. ആലങ്ങാട് പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെ കടവരാന്തകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും കയറി കിടക്കുന്ന നായ്ക്കൾ ചില സമയത്ത് അക്രമാസക്തമാകുന്നുണ്ട്. കരുമാല്ലൂർ പഞ്ചായത്തിലും തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാഞ്ഞാലി മാട്ടുപുറത്ത് പഞ്ചായത്ത് അംഗം എ.എം. അലിയുടെ വീട്ടിലെ അമ്പതോളം കോഴികളെ തെരുവുനായ്ക്കൾ കൊന്നു. തെരുവുനായ് നിയന്ത്രണത്തിന് ജനങ്ങൾ പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.