മഴ കനക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങളിൽനിന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണ് ചുവന്നുതടിക്കുക, കൈകാൽ കഴപ്പ്, സന്ധികളിൽ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. കൊതുകിനെ തുരത്തുകയാണ് രോഗം തടയാനുള്ള വഴി. കൊതുകുകൾ മുട്ടയിട്ടു പെരുകാൻ പാകത്തിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് നാശിനിയെങ്കിലും തളിക്കണം. മലമ്പനി പടർത്തുന്നതും കൊതുകുകളാണ്. പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസം മുട്ടൽ, നെഞ്ചുവേദന, വയറിളക്കം, ഛർദി തുടങ്ങി വൈറൽ പനിക്കും കോവിഡ് 19നും സമാനമായ ലക്ഷണങ്ങളാണ് എച്ച1എൻ1നുമുള്ളത്.
പനി ബാധിതരുമായി അടുത്തിടപഴകുമ്പോൾ മുൻകരുതൽ സ്വീകരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക. രോഗി ഉപയോഗിച്ച വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോഴും രോഗം പടരും. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക എന്നീ മുൻ കരുതലുകൾ സ്വീകരിക്കണം. ശരീരവേദന, പനി, കൈകാൽ കഴപ്പ്, മൂത്രതടസ്സം, തളർച്ച എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. രോഗാണു ഉള്ള വെള്ളത്തിൽ ചവിട്ടിനിന്നാൽ ചെറിയ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തും. മലിനജലം കലർന്ന കുളത്തിൽ മുങ്ങിക്കുളിക്കുക വഴിയും രോഗം പടരാം. കണ്ണ്, മൂക്ക്, വായ എന്നിവ വഴിയും രോഗാണു ശരീരത്തിലെത്തും. മലിനജല സമ്പർക്കം പരമാവധി ഒഴിവാക്കണം. മഞ്ഞപ്പിത്തവും മഴക്കാലത്തു കരുതിയിരിക്കേണ്ട രോഗമാണ്. ഹെപ്പറ്റൈറ്റിസിന് എ മുതൽ ഇ വരെ വകഭേദങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.