കൊച്ചി: സാധാരണക്കാരുടെ സാമ്പത്തിക ബാധ്യതയും തൊഴിൽ അസ്ഥിരതയും ചൂഷണം ചെയ്ത് അരങ്ങേറുന്ന തട്ടിപ്പുകൾ കുറയുന്നില്ല. വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ പോലുള്ള ജോലി വാഗ്ദാനം ചെയ്ത് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോയവരെ സ്വന്തം നാട്ടിലെ ജനങ്ങളെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാക്കുകയെന്ന ജോലി നൽകി തട്ടിപ്പിന് ഇരയാക്കിയത് ഗുരുതര സംഭവമാണ്. ലാവോസ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സമീപകാലത്ത് നടന്ന തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സമീപ ദിവസങ്ങളിൽ പുറത്തുവന്നത്. എംബസി ഇടപെടലിലൂടെയാണ് അവർ നാട്ടിൽ തിരികെയെത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന വരുമാനം അടിസ്ഥാനമാക്കിയായിരുന്നു ശമ്പളമെന്നാണ് വിവരം. അടുത്തിടെ ഉയർന്നുവന്ന അവയവ ദാനത്തിനായുള്ള മനുഷ്യകടത്ത് കേസിലും ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുകൾ ചർച്ചയായിരുന്നു.
ലാവോസിലെ ചൈനീസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ജില്ലയിൽനിന്ന് യുവാക്കളെ കൊണ്ടുപോയി നടത്തിയ തട്ടിപ്പ് ഭീതിപ്പെടുത്തുന്നതാണ്. പണം വാങ്ങി അവിടെ എത്തിച്ചു.
ശേഷം കമ്പനിക്ക് നാല് ലക്ഷം രൂപ വീതം വാങ്ങി മനുഷ്യക്കടത്ത് നടത്തി വിൽക്കുകയായിരുന്നുവെന്നാണ് പരാതി. തോപ്പുംപടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കംബോഡിയയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് തട്ടിപ്പിനിരയായവരുടെയും അനുഭവം സമാനമാണ്. വിദേശ ജോലി വാഗ്ദാനം ചെയ്ത് നടന്ന നിരവധി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും നിരവധി കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കിടെ യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 1.5 ലക്ഷം രൂപ തട്ടിയ കേസിൽ ഞാറക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ചുള്ളിക്കൽ സ്വദേശിനിയായ സ്ത്രീയിൽനിന്ന് പണം കൈപറ്റി വഞ്ചിച്ച കേസിൽ വൈദികൻ പിടിയിലായിരുന്നു.
കേന്ദ്ര സർക്കാറിന് കീഴിലുള്ള മിനിസ്ട്രി ഓഫ് എക്സ്റ്റേനൽ അഫയേഴ്സാണ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നത്. ഇതുള്ളവർക്ക് മാത്രമെ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ളു. ഇത് കൂടാതെ 17 രാജ്യങ്ങളിലേക്ക് എമിഗ്രേഷൻ ക്ലീയറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകർക്കും വിവിധ സാങ്കേതിക പരിജ്ഞാനം നേടിയവർക്കും മറ്റ് തൊഴിലാളികൾക്കും വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ ജോലികളിൽ നിയോഗിക്കുകയെന്ന ലക്ഷ്യവുമായി ഒഡെപെക് എന്ന പൊതുമേഖല സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. വിദേശ തൊഴിലുടമയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അന്വേഷിച്ച ശേഷം മാത്രമെ ഒഡെപെക് റിക്രൂട്ട്മന്റെ് നടത്താറുള്ളുവെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഉദ്യോഗാർഥികളും വിദ്യാർഥികളും ഏജൻസികളുടെ വിശ്വാസ വഞ്ചനകളിൽപെടാതിരിക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ നൽകി വരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ എമിഗ്രേഷൻ ആക്ട് 1983 പ്രകാരം പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻറിൽ നിന്നും ലൈസൻസ് ലഭിച്ച ഏജൻസി മുഖേന മാത്രമേ തൊഴിൽ തേടാവൂ. www.emigrate.gov.in എന്ന വെബ്സൈറ്റിൽ ഏജൻസികളുടെ വിവരം ലഭ്യമാണ്.
ഓഫർ ലെറ്ററിൽ പ്രതിപാദിക്കുന്ന തൊഴിലും വിസയിൽ പറയുന്ന ജോലിയും ഒന്നാണെന്ന് ഉറപ്പാക്കുക. അതത് രാജ്യത്തെ നിയമവ്യവസ്ഥയും തൊഴിൽ നിയമങ്ങളും അനുസരിക്കുക. ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്ത് പോകുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് spnrl.pol@kerala.gov.in, dyspnri.pol@kerala.gov.in വഴിയും 0471 2721547 എന്ന ഹെൽപ് ലൈൻ നമ്പറിലും പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.