കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ സി.പി.എം ഓഫിസുകൾക്കും പ്രവർത്തകർക്കുംനേരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട ദിവസം സി.പി.എം ഓഫിസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്താനെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ പ്രകോപന മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം കോൺഗ്രസ് ഓഫിസിൽനിന്ന് ഇറങ്ങി വന്നതാണ് സംഭവങ്ങളുടെ തുടക്കമെന്ന് അവർ പറഞ്ഞു.
വലിയ സംഘർഷത്തിൽ കലാശിക്കേണ്ടിയിരുന്ന സംഭവം എം.എൽ.എ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഉണ്ടായത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നയിച്ച പ്രകടനത്തിന് 100 മീ. പിന്നിലായി പട്ടികക്കഷണത്തിലും കുറുവടികളിലും കെട്ടിയ കൊടികളുമായി 150ഓളം പേർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ജില്ല സെക്രട്ടേറിയറ്റ് ആരോപിച്ചു.
കോൺഗ്രസ് പാർട്ടിയിൽ മേധാവിത്വം സ്ഥാപിക്കാൻ എം.എൽ.എ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്നും മുഴുവൻ അക്രമികളെയും അറസ്റ്റ് ചെയ്യണമെന്നും ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ: ടൗണിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സി.പി.എം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 350 ഓളം പേർക്കെതിരെ കേസെടുത്തു.
അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. റോഡ് തടസ്സപ്പെടുത്തി പ്രകടനം നടത്തിയ സംഭവത്തിൽ രണ്ട് കേസും കല്ലേറിൽ ഡിവൈ.എസ്.പി അടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു കേസും എം.എൽ.എ ഓഫിസും സി.പി.എം ഓഫിസും ആക്രമിച്ച സംഭവത്തിൽ രണ്ടു കേസുമാണ് രജിസ്റ്റർ ചെയ്തത്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആരംഭിച്ച സംഘർഷം മണിക്കൂറുകൾക്കു ശേഷമാണ് അവസാനിച്ചത്. കോൺഗ്രസ് പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ എത്തുമ്പോൾ കൂടിനിന്നിരുന്ന സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ ഇരുവിഭാഗവും പടക്കം ഏറും കല്ലേറും കൊടിയേറും നടത്തി.
പരസ്പരം പോർവിളിച്ച ഇരുവിഭാഗവും കൂടുതൽ അക്രമാസക്തമായതോടെ നേതാക്കൾ ഇടപെട്ട് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കല്ലേറും സംഘർഷവും തുടർന്നു. ഇതിനിടെയാണ് ഡിവൈ.എസ്.പി അജയ് നാഥ് അടക്കം നിരവധി പേർക്ക് പരിക്കേറ്റത്.
മൂവാറ്റുപുഴ: എം.എൽ.എയുടെ ഓഫിസിനു നേരെ നാടൻ ബോംബ് എറിഞ്ഞ് അക്രമം അഴിച്ചു വിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ മാത്യു കുഴൽനാടൻ എം.എൽ.എയുട ഓഫിസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫിസ് അക്രമിക്കാനിടയാക്കിയ സംഭവം പ്രത്യേക സംഘത്തെവെച്ച് അന്വേഷിപ്പിക്കണം. സർക്കാർ നേരിടുന്ന ജനകീയ വിഷയങ്ങളെ വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് അക്രമസംഭവങ്ങൾ.
കണ്ണൂരിലടക്കം അക്രമങ്ങൾ തുടരുകയാണ്. ഇത് കൈയും കെട്ടി നോക്കിനിൽക്കില്ല. കോൺഗ്രസിന്റെ ഒരു കൊടിമരം തകർത്താൽ സി.പി.എമ്മിന്റെ അഞ്ച് കൊടിമരം തകർക്കാനുള്ള ശേഷി കോൺഗ്രസിനുണ്ട്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സ്വന്തം അണികളോട് ആയുധം താഴെ വെക്കാൻ പറയണം. തങ്ങൾക്കുനേരെയുള്ള അക്രമ സംഭവങ്ങളെ ആത്മരക്ഷാർഥം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ല പ്രസിഡൻറ് മുഹമ്മദ് ഷിയാസും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
മൂവാറ്റുപുഴ: സമാധാനത്തിന് മുന്‍കൈയെടുക്കുമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. അക്രമം പാര്‍ട്ടിയുടെ വഴിയല്ല. എന്നാല്‍, അക്രമത്തെ പ്രതിരോധിക്കുന്നതിനൊപ്പം പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മൂവാറ്റുപുഴയില്‍ അരങ്ങേറിയത്. പ്രകടനത്തിനുനേരെ അക്രമം അഴിച്ചുവിട്ടതും സമൂഹ മാധ്യമം വഴി നടത്തിയ അക്രമ ആഹ്വാനവും ദുഷ്ടലാക്കോടെയുള്ളതാണെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
എം.എല്‍.എ ഓഫിസ് സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ്. പാര്‍ട്ട് ടൈം ആയി വിദ്യാർഥിനികൂടി ജോലി നോക്കുന്ന ഓഫിസിനുനേരെ അക്രമം അഴിച്ചുവിടുകയും ഗുണ്ടെറിയുകയും ചെയ്ത സംഭവത്തെ നിയമപരമായി നേരിടും. അക്രമിസംഘത്തെ നിലക്കുനിര്‍ത്താന്‍ സി.പി.എം തയാറാവണമെന്നും എം.എല്‍.എ പറഞ്ഞു.
മൂവാറ്റുപുഴ: സംഘർഷത്തിനിടെയാണെങ്കിലും ഹൈകോടതി നിർദേശം അറിയാതെ നടപ്പാക്കി പാർട്ടികൾ. റോഡരികിൽ സ്ഥാപിച്ച വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈകോടതി ഉത്തരവിട്ടത്. ഇത് പ്രാവർത്തികമാക്കാനിരിക്കെയാണ് ബുധനാഴ്ച സി.പി.എം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചുകൾക്കിടെ പരസ്പരം കൊടിമരങ്ങളും ഫ്ലക്സ്ബോർഡുകളും പിഴുതെറിഞ്ഞത്. കച്ചേരിത്താഴത്ത് നിന്ന് ആരംഭിച്ച പ്രകടനങ്ങൾക്കിടെ റോഡരികിൽ നിന്നിരുന്ന കൊടിമരങ്ങൾ എല്ലാം പിഴുതെറിയുകയായിരുന്നു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സമാധാനയോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ തുടർപ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകി. യോഗത്തിൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ സംബന്ധിച്ചു. ഒരാഴ്ചത്തേക്ക് നഗരത്തിൽ പ്രകോപനപരമായ പരിപാടികളൊന്നും നടത്തണ്ടെന്ന് ധാരണമായി. ബുധനാഴ്ച നഗരത്തിൽ നടന്ന കോൺഗ്രസ്, സി.പി.എം സംഘർഷ പശ്ചാത്തലത്തിലാണ് ആർ.ഡി.ഒ പി.എൻ. അനിയുടെ നേതൃത്വത്തിൽ സമാധാനയോഗം ചേർന്നത്. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി, ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, തഹസിൽദാർ കെ.എസ്. സതീശൻ എന്നിവർ സംബന്ധിച്ചു.
മൂവാറ്റുപുഴ: പൊലീസ് സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. സി.പി.എം നേതാക്കൾ ബുധനാഴ്ച മുതൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തിട്ടും കോൺഗ്രസ് നടത്തിയ പ്രതിഷേധജാഥയുടെ സമയത്ത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് പൊലീസ് നിലയുറപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞിട്ടും പൊലീസ് കൈയും കെട്ടി നോക്കിനിന്നു. ഡിവൈ.എസ്.പിക്ക് പരിക്ക് പറ്റിയിട്ട് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തത് അന്യായ നടപടിയാണെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.