കൊച്ചി: കാനകളിലെ ചെളി നീക്കി ശുചീകരണം നടത്തേണ്ടത് മഴ തുടങ്ങിയ ശേഷമല്ലെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. ഇത് പലവട്ടം പറഞ്ഞു മടുത്തുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഴ അത്ര ശക്തമായിട്ടില്ലാത്ത ഈ സാഹചര്യം കാനകളടക്കം വൃത്തിയാക്കാൻ ഫലപ്രദമായി ഉപയോഗിക്കണം.
മഴക്ക് മുമ്പ് കാനകൾ വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാക്കാത്തത് നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ മാസ്റ്റർ പ്ലാനുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതി പരിഗണിച്ചത്. കൊച്ചി നഗരം മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലടക്കം വരുന്നതാണെന്ന് ഹരജി പരിഗണിക്കവേ സർക്കാർ ചൂണ്ടിക്കാട്ടി. കളമശ്ശേരി, തൃക്കാക്കാര, തൃപ്പൂണിത്തറ, മരട് തുടങ്ങിയ നഗരസഭകളും നഗരത്തിന്റെ ഭാഗമാണ്.
എന്നാൽ, ഇത്തരം ന്യായീകരണമല്ല, ഫലപ്രദമായ നടപടിയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. വെള്ളപ്പൊക്കം തടയാൻ കാനകൾ വൃത്തിയാക്കുന്ന കാര്യത്തിൽ ക്ലീനിങ് കലണ്ടർ വേണമെന്ന് അമിക്കസ് ക്യുറി അറിയിച്ചു. പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലം ജനങ്ങൾ മാറ്റുന്നില്ലെന്നും എന്നിട്ട് പരാതി ഉന്നയിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഹോട്ടൽ നടത്തിപ്പുകാരടക്കം കനാലുകളിൽ മാലിന്യം നിക്ഷേപിക്കുകയാണ്. കനാലിലെ മാലിന്യ നിക്ഷേപം തടയാനാകുന്നില്ലെങ്കിൽ വൃത്തിയാക്കുന്നതിൽ കാര്യമില്ല. കഴിഞ്ഞ വർഷം മികച്ച രീതിയിൽ കാനകൾ വൃത്തിയാക്കിയതാണ്. കാനകളിലേക്കും ഓടകളിലേക്കും മാലിന്യമിടുന്നത് തടയാൻ കോർപറേഷനും മറ്റ് ഏജൻസികളും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ സ്വീകരിച്ച റിപ്പോർട്ട് ഉന്നതതാധികാര സമിതിയെ അറിയിക്കുകയും വേണം. ഇടപ്പള്ളി തോട് അടക്കം വൃത്തിയാക്കുന്നത് ഇപ്പോഴാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുല്ലശ്ശേരി കനാലിന്റെ ജോലികളും പുരോഗമിക്കുകയാണ്. നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന കാര്യത്തിൽ കോടതിയുടെ മേൽനോട്ടം ഉണ്ടാകും. അതിനായി വെളളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാൽ നവീകരണം സംബന്ധിച്ച റിപ്പോർട്ടും അപ്പോൾ നൽകണം.
മഴ കഴിഞ്ഞാൽ എല്ലാം മറക്കുന്ന ജനങ്ങൾക്ക് സ്വന്തം വീട്ടില് വെള്ളം കയറുമ്പോൾ മാത്രമാണ് പ്രതികരണമുണ്ടാകുന്നതെന്നും കോടതി പറഞ്ഞു. തങ്ങളുടെ പരിധിയിൽവരുന്ന മേഖല വൃത്തിയാക്കുമെന്ന് കൊച്ചി കോർപറേഷൻ പറയുന്നു. ശേഷിക്കുന്ന മേഖല ഇറിഗേഷൻ വകുപ്പും വൃത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യ നിക്ഷേപം തടയാൻ മിന്നൽ പരിശോധന നടത്തുമെന്ന് കോർപറേഷൻ അറിയിച്ചു.
പുനരധിവാസ കെട്ടിടത്തിന്റെ ശോച്യാവസ്ഥയിൽ വിമർശനം
കൊച്ചി: നിലവാരമില്ലാതെ നിർമിച്ച കെട്ടിടത്തിലേക്ക് നഗരത്തിലെ പി.ആൻറ്.ടി കോളനിവാസികളെ പുനരധിവസിപ്പിച്ചതിൽ ഹൈകോടതിയുടെ വിമർശനം. പുതിയ കെട്ടിടത്തിലേക്ക് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി കോളനി വാസികളെ മാറ്റിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. എന്നാൽ, സെപ്ടിക് ടാങ്കടക്കം ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ജനങ്ങൾ എല്ലാം സഹിക്കും എന്നാണ് അധികൃതർ കരുതുന്നത്.
അതിനാൽ, ഇവർ പറയുന്ന ന്യായീകരണങ്ങളും അവർ വിശ്വസിക്കുമെന്ന് കരുതുന്നു. വേറെ വഴിയില്ലാത്തത് കൊണ്ടാണത്. എന്നാൽ, ജനങ്ങൾ എല്ലാ കാലവും ഇങ്ങിനെ ക്ഷമാശീലമുള്ളവരാകുമെന്ന് കരുതരുത്. വി.ഐ.പി.കളോട് ഇത് ചെയ്യുമോ. രണ്ട് തരത്തിലുള്ള ജനങ്ങളില്ലെന്ന് ഇനിയെങ്കിലും പറയരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ജി.സി.ഡി.എ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.