കൊച്ചി: യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 10,35,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പാലക്കാട് കൊപ്പം മന്നംകോട് സുധീഷ് ഭവനത്തിൽ സുധീഷിനെയാണ് (33) എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരുടെ അടുത്ത ബന്ധുവിന്റെ പേരിൽ വടുതലയിലുള്ള 4.50 സെന്റ് സ്ഥലം തൃപ്പൂണിത്തുറ അർബൻ ബാങ്കിൽ 2018ൽ 15 ലക്ഷം രൂപക്ക് പണയം വെച്ചിരുന്നു.
വായ്പ മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചു. ബാങ്കിൽ പണമടച്ച് ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് കാക്കനാട് ജില്ല ജയിലിന് സമീപം ‘ബ്രൗണി ബ്രൂട്ട്’ എന്ന സ്ഥാപനം നടത്തി വന്നിരുന്ന പ്രതിയെ പരിചയപ്പെട്ടത്.
തുടർന്ന് കെ.എസ്.എഫ്.ഇയിലേക്ക് വായ്പ മാറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി പരാതിക്കാരുടെ പേരിലുള്ള 25 സെന്റ് സ്ഥലത്തെ ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പിയും നാല് ബ്ലാങ്ക് ചെക്കും രണ്ട് മുദ്രപ്പത്രവും ഒരു പ്രോമിസറി നോട്ടും ഒപ്പിട്ട് വാങ്ങി. തുടർന്നും വിവിധ ഘട്ടങ്ങളിലായി വീട്ടിലെത്തി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
ഇതേതുടർന്ന് പലവട്ടം പ്രതിയുടെ അക്കൗണ്ടിലേക്ക് പണം നൽകിയതായും പൊലീസ് പറഞ്ഞു. പ്രതി പരാതിക്കാരുടെ ബാങ്ക് ജപ്തി ഒഴിവാക്കുന്നതിന് നൽകിയ 16 ലക്ഷം രൂപയും 10 ശതമാനം കമീഷനും അടക്കം 17.60 ലക്ഷം രൂപക്ക് അധികമായി 11,70,000 രൂപ പരാതിക്കാരിൽനിന്ന് വാങ്ങി.
ഇതിനുശേഷം വീണ്ടും എട്ടുലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് പരാതി നൽകിയത്. പരാതിയെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ സബ് ഇൻസ്പെക്ടർമാരായ ടി.എസ്. രതീഷ്, പി.ജെ. സന്തോഷ് കുമാർ, സി.പി.ഒമാരായ വിനീത്, അജിലേഷ്, ഉണ്ണികൃഷ്ണൻ, റിനു എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.