കൊച്ചി: അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരലോകത്ത് പിച്ചവെക്കാനായി അവരെത്തുന്നു. സംസ്ഥാന സാക്ഷരത മിഷന് കീഴിൽ നടപ്പാക്കുന്ന ദീപ്തി ബ്രെയിലി സാക്ഷരത പദ്ധതിയുടെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള നൂറോളം കാഴ്ചപരിമിതർ അക്ഷരലോകത്തേക്ക് എത്തുന്നത്.
ഈ മാസം അവസാന വാരത്തോടെ ജില്ലയിൽ പദ്ധതി പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്ത് 1514 പേരാണ് ബ്രെയിലി സാക്ഷരത പഠനത്തിന് താൽപര്യമറിയിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ജില്ലയിൽനിന്ന് നൂറോളം പേർ വരും.
കാഴ്ചപരിമിതർക്ക് വിദ്യാഭ്യസത്തിനുള്ള അവസരമില്ലായ്മ പിന്നാക്കാവസ്ഥക്ക് വഴിവെക്കുന്നുവെന്ന കാഴ്ചപ്പാടിൽനിന്നാണ് ബ്രെയിലി സാക്ഷരത പദ്ധതിക്ക് സാക്ഷരത മിഷൻ തുടക്കമിടുന്നത്. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അധ്യാപകഫോറവുമായി ചേർന്നതോടെ പ്രവർത്തനം വേഗത്തിലായി. 40 ശതമാനത്തിന് മുകളിൽ കാഴ്ചപരിമിതരായവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കാഴ്ചപരിമിതരെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചുയർത്തുക വഴി അവരെ സ്വയം പര്യാപ്തരാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
കാഴ്ചപരിമിതർക്കായുളള സാക്ഷരത പദ്ധതിക്കായി ജില്ലയിൽ സജ്ജമാകുന്നത് മൂന്ന് കേന്ദ്രങ്ങളാണ്. പോത്താനിക്കാട്, പള്ളുരുത്തി, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങളൊരുങ്ങുന്നത്. കാഴ്ചപരിമിതർക്ക് അക്ഷരാഭ്യാസം നൽകുന്നതിനുളള പരിശീലകരും തയാറായി കഴിഞ്ഞു. പത്താംതരം യോഗ്യതയുള്ള കാഴ്ചപരിമിതരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇവർക്ക് ഓണറേറിയവും നൽകുന്നുണ്ട്. ജില്ലയിൽനിന്ന് മൂന്ന് പേരാണ് ആദ്യഘട്ടത്തിൽ പരിശീലനം നേടിയിരിക്കുന്നത്. ആവശ്യമെങ്കിൽ കീഴ്മാട് അന്ധവിദ്യാലയത്തിൽനിന്നുള്ള അധ്യാപകരടക്കം പരിശീലനം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ആറു മാസം നീളുന്ന സാക്ഷരത പദ്ധതിക്കൊടുവിൽ പഠിതാക്കൾക്കായി പരീക്ഷയും നടത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്രെയിലി സാക്ഷരത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ വി.വി. ശ്യാംലാൽ പറയുന്നു. പഠിതാക്കൾക്കായി വാഹനസൗകര്യം അടക്കമുള്ളവ ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.