ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾ ചോദിക്കുന്ന ചോദ്യമാണ് ‘വെയറീസ് ഫോർട്ട്’ (കോട്ട എവിടെ) എന്ന്. ഈ ചോദ്യത്തിനുള്ള ഉത്തരം പ്രകൃതി തന്നെ നൽകിയിട്ടും സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള കോട്ടയായിരുന്ന ഫോർട്ട് കൊച്ചി കടൽ തീരത്തെ പോർചുഗീസ് നിർമിത ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തെളിഞ്ഞുവന്നത്. കൊച്ചി കോട്ടയുടെ അടിത്തറയുടെ ചെങ്കല്ലിൽ തീർത്ത ഭാഗങ്ങളാണ് തെളിഞ്ഞത്. ഓരോ വർഷവും ഇത്തരത്തിൽ ശേഷിപ്പുകൾ തെളിഞ്ഞുവരാറുണ്ടെങ്കിലും സംരക്ഷിക്കാൻ നടപടി സ്വീകരിക്കാറില്ല. ഈ അവഗണനക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
1503ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ പോർചുഗീസുകാർ തങ്ങളുടെ രാജാവായിരുന്ന ഇമ്മാനുവലിന്റെ നാമധേയത്തിൽ നിർമിച്ചതാണ് കോട്ട. എന്നാൽ, 1663ൽ ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതോടെ കോട്ട തകർത്തു. 1795ൽ ബ്രിട്ടീഷുകാർ അധികാരമേറ്റതോടെ ഇത് പൂർണമായും തകർത്തു. മണ്ണിനടിയിലായിരുന്ന കോട്ടയുടെ അടിത്തറയുടെ ഭാഗമാണ് ഇപ്പോൾ തെളിഞ്ഞുവന്നിരിക്കുന്നത്. പൈതൃകത്തെ കുറിച്ച് വാചാലമാകുമ്പോഴും തെളിഞ്ഞുവരുന്ന പൈതൃകങ്ങൾ പോലും അധികൃതർ സംരക്ഷിക്കുന്നില്ലെന്നാണ് കൊച്ചിയുടെ ചരിത്രകാരന്മാർ പറയുന്നത്. ശേഷിപ്പുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആർക്കിയോളജി ഓഫ് ഇന്ത്യയെ സമീപിക്കുമെന്ന് ചരിത്ര സ്നേഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.