ഫോർട്ട്കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിനെ വിശ്വസിച്ച് ചീനവല നിർമിച്ച മത്സ്യത്തൊഴിലാളി കടക്കെണിയിൽ. പൈതൃക സംരക്ഷണത്തിന് അഞ്ചരലക്ഷം രൂപ പലിശക്കെടുത്ത് ചീനവല നിർമിച്ച മത്സ്യത്തൊഴിലാളിയാണ് ദുരിതത്തിലായത്.
10 ദിവസത്തിനകം പണം നൽകാമെന്ന് ടൂറിസം വകുപ്പ് അധികൃതർ നൽകിയ ഉറപ്പിലാണ് വിൻസെന്റ് എന്ന തൊഴിലാളി ഫോർട്ട്കൊച്ചിയിലെ പാലം വല എന്നറിയപ്പെടുന്ന ചീനവല പുനർനിർമിച്ചത്. എന്നാൽ, അധികാരികളുടെ മുന്നിൽ പല തവണ കയറിയിറങ്ങിയിട്ടും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് വിൻസെന്റ് പറഞ്ഞു. സർക്കാറിന്റെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായാണ് കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ഫോർട്ട്കൊച്ചി കടൽത്തീരത്തെ സഞ്ചാരികളുടെ ആകർഷണമായ ചീനവലകൾ പൈതൃക തനിമയോടെ പുനർനിർമിക്കാൻ തീരുമാനിച്ചത്.
ഇതുപ്രകാരം തേക്കിൻ കഴകളും കിടന്ന് ദ്രവിച്ച തമ്പകം തടിയും വിൻസെന്റിന് ടൂറിസം വകുപ്പ് നൽകുകയും നിർമാണ ചെലവ്, അനുബന്ധ സാമഗ്രികൾ എന്നിവയടക്കം തുക 10 ദിവസത്തിനകം നൽകാമെന്നും അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നിർമാണം ആരംഭിച്ചത്. അഞ്ചരലക്ഷം രൂപയോളം ചെലവാകുകയും ബില്ലുകൾ അടക്കം നിർമാണ ചുമതലക്കാരായ കിറ്റ്കോ മുഖാന്തരം ടൂറിസം വകുപ്പിന് നൽകുകയും ചെയ്തു. കലക്ടറും സ്ഥലം എം.എൽ.എയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ജൂണിൽ കൊട്ടിയാഘോഷിച്ച് ചീനവല നവീകരണ പദ്ധതി ഉദ്ഘാടനവും ചെയ്തു. അന്നു മുതൽ ചെലവഴിച്ച പണത്തിനായി ഓടി നടക്കുകയാണ് വിൻസെന്റ്. പദ്ധതി പ്രകാരം ആദ്യം പണിത ചീനവലക്ക് പണം കിട്ടാതായതോടെ മറ്റുള്ള പുനർനിർമാണവും നിർത്തി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.