കൊച്ചി: നഗരത്തിലെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് അധികൃതർ എത്താൻ വൈകിയതുമൂലം ഏറെനേരം കാത്തിരുന്നു വലഞ്ഞവർ ബഹളമുണ്ടാക്കി. കലൂർ നാഷനൽ പബ്ലിക് സ്കൂളിൽ ശനിയാഴ്ച രാവിലെ പത്തോെടയാണ് സംഭവം. 200 പേർക്ക് കോവാക്സിൻ രണ്ടാം ഡോസ് നൽകാനുള്ള സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. ഇതിനനുസരിച്ച് രാവിലെ ഒമ്പതുമുതൽ എത്താനാണ് രജിസ്റ്റർ ചെയ്തവരോട് നിർദേശിച്ചിരുന്നത്.
തുടക്കത്തിൽ സ്ലോട്ട് കിട്ടിയ പലരും ഒമ്പതു മണിക്കു മുമ്പേ എത്തി സമൂഹ അകലം പാലിച്ച് വരിനിന്നെങ്കിലും പത്തുമണിയായിട്ടും അധികൃതർ എത്തിയില്ല. മിക്കവർക്കും നൽകിയിരുന്ന സമയവും ഒമ്പതിനും പത്തിനും ഇടയിലായിരുന്നു. ഇതേതുടർന്നാണ് കാത്തുനിന്നവർ ബഹളമുണ്ടാക്കിയത്.
വരിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തക കോവിഡ് നോഡൽ ഓഫിസർ ഡോ. ശിവദാസിനെ വിളിച്ച് അന്വേഷിച്ചപ്പോൾ ഔട്ട് റീച്ച് സെൻററായതുകൊണ്ട് പത്തിന് ശേഷമേ എത്തുകയുള്ളൂവെന്നായിരുന്നു പ്രതികരണം. പത്തേകാലോടെ കുത്തിവെപ്പെടുക്കുന്ന നഴ്സുമാർ എത്തി. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. നാല് നഴ്സുമാരും കാര്യക്ഷമതയോടെ പ്രവർത്തിച്ചെങ്കിലും വാക്സിനെടുത്ത ശേഷം അരമണിക്കൂർ നിരീക്ഷണത്തിലിരിക്കാനുള്ള മുറിയുടെ സ്ഥലപരിമിതിയും പ്രതിസന്ധിയായി. പരമാവധി 35 പേർക്കിരിക്കാനുള്ള സൗകര്യമേ ഇവിടെയുണ്ടായിരുന്നുള്ളൂ. വാക്സിനെടുത്ത 35 പേരുടെ അരമണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമേ അടുത്ത ബാച്ചിനെ കയറ്റാനായുള്ളൂ. ഇതെല്ലാം മൂലം ഏറെ വൈകിയാണ് വാക്സിനേഷൻ പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.