കൊച്ചി: മെല്ലെപ്പോക്കിലായിരുന്ന കണയന്നൂർ താലൂക്കിലെ റേഷൻ വാതിൽപ്പടി വിതരണം അതിവേഗം പൂർത്തിയാക്കി കരാറുകാർ. വാതിൽപ്പടി റേഷൻ വിതരണത്തിലെ താളപ്പിഴകൾ സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയതിന് പിന്നാലെയാണ് വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടായത്. ശനിയാഴ്ച തന്നെ എല്ലാ റേഷൻ കടകളിലും ജൂൺ മാസത്തിലെ സ്റ്റോക്ക് എത്തിയതായി റേഷൻ വ്യാപാരികൾ വ്യക്തമാക്കി. ഇതിനിടെ ഇ പോസ് സാങ്കേതിക തകരാറും മറ്റും മുൻനിർത്തി ജൂൺ മാസത്തിലെ റേഷൻ വിതരണം നീട്ടിയിട്ടുമുണ്ട്. ജൂലൈ അഞ്ചു വരെയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ റേഷൻ വിതരണം നീട്ടിനൽകിയത്. ഇതേ തുടർന്ന് ആശ്വാസത്തിലാണ് കടയുടമകൾ.
മാസാവസാനമായിട്ടും പേരിന് പോലും സ്റ്റോക്ക് എത്താത്ത റേഷൻ കടകളെ കുറിച്ച് വെള്ളിയാഴ്ചയാണ് ‘റേഷൻ വാതിൽപ്പടി വിതരണത്തിൽ താളപ്പിഴ; അലംഭാവമെന്ന് വ്യാപാരികൾ’ എന്ന തലക്കെട്ടിൽ മാധ്യമം വാർത്ത നൽകിയത്. ഇതേ തുടർന്ന് സ്റ്റോക്കിറക്കുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടി, വിതരണം വേഗത്തിലാക്കുകയായിരുന്നുവെന്ന് റേഷൻ വ്യാപാരികൾ മാധ്യമത്തോട് പറഞ്ഞു. നേരത്തെ നാലും അഞ്ചും ചരക്കു ലോറികൾ ഉണ്ടായിരുന്നിടത്ത് ഒറ്റ ദിവസം പത്തു ലോറികൾ ഏർപ്പെടുത്തിയാണ് വിതരണം വേഗത്തിലാക്കിയത്.
നേരത്തെ വിതരണക്കുടിശ്ശിക നൽകാത്തതിനാൽ വാതിൽപ്പടി വിതരണം നടത്തുന്ന കരാറുകാർ വിതരണം നിർത്തിവെച്ചിരുന്നു. പിന്നീട്, കുടിശ്ശിക ധനവകുപ്പ് ഭാഗികമായി നൽകിയതിനെ തുടർന്ന് ജൂൺ 18നാണ് വിതരണം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.