കൊച്ചി: 38 ദിവസം നീണ്ട കാത്തിരിപ്പിന് അറുതി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിന്റെ വിധി ഇന്നറിയാം. വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. എറണാകുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലേത് ആലുവ യു.സി കോളജിലുമാണ്.
രാവിലെ ആറിന് സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് ഹാളിലെ ടേബിളുകളിലെത്തിക്കും. റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാർഥികള്‍ അല്ലെങ്കില്‍ അവരുടെ ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമീഷന് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുന്നത്.
വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോൺ അനുവദിക്കില്ല. ഹാളിന് പുറത്തുള്ള റിസപ്ഷന് സെന്ററിലെ ക്ലോക്ക് റൂമില്‍ ജീവനക്കാര്‍ക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം.
ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുണ്ടായിരിക്കും. ഓരോ ടേബിളിലും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഗ്രൂപ് ഡി ജീവനക്കാരന് എന്നിവരുണ്ടാകും.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകള്‍ ഓരോ ഹാളിലാകും എണ്ണുക. തപാൽ ബാലറ്റുകള്‍ മറ്റൊരു ഹാളിലും എണ്ണും. ഈ രീതിയില്‍ ഒരു കേന്ദ്രത്തില്‍ എട്ട് ഹാളിലാകും വോട്ടെണ്ണല്‍. ഒരു ഹാളില്‍ 14 ടേബിളാകും ഉണ്ടാകുക. തപാൽ ബാലറ്റ് എണ്ണുന്ന ഹാളില്‍ 28 ടേബിളുണ്ടാകും. ഹാളില്‍ പ്രവേശിച്ചാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.
രാവിലെ എട്ടിന് വരണാധികാരിയുടെ നേതൃത്വത്തിൽ തപാൽ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഒരു ടേബിളില്‍ പരമാവധി 500 വോട്ടാണ് എണ്ണുക. സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ചശേഷം ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഫോറം 20ലുള്ള റിസൽറ്റ് ഷീറ്റില്‍ രേഖപ്പെടുത്തും.
ഇതിന്റെ ഫലം പിന്നീടാണ് പ്രഖ്യാപിക്കുക. വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്കരിച്ച തപാല്‍ വോട്ടുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില് ഫലപ്രഖ്യാപനത്തിനുമുമ്പ് വരണാധികാരി അസാധുവായ മുഴുവന്‍ വോട്ടും വീണ്ടും പരിശോധിക്കും. പുനഃപരിശോധന പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തും.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ഫലം തത്സമയം അറിയാന്‍ ഏകീകൃത സംവിധാനം. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാം. തെരഞ്ഞെടുപ്പ് കമീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ഫലം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എ.ആർ.ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍ അതത് സമയം ലഭിക്കുക.
കമീഷന്റെ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളായ ആലുവ യു.സി കോളജിലും മീഡിയ സെൻററുകൾ സജ്ജമാക്കിയിട്ടുണ്ട്. കുസാറ്റിലെ മീഡിയ സെന്റർ സ്കൂൾ ഓഫ് എൻജിനീയറിങ് ബ്ലോക്കിന് മുന്നിലും ആലുവ യു.സി കോളജിലേത് ടാഗോർ ഓഡിറ്റോറിത്തിന് മുൻവശവുമാണ്. ഈ മീഡിയ സെൻററുകളിൽനിന്ന് വോട്ടെണ്ണൽ പുരോഗതി സംബന്ധിച്ച വിവരങ്ങൾ യഥാസമയം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.