കോതമംഗലം: കുരുന്നുകൾക്ക് സന്തോഷത്തിന്റെ ശിശുദിനം സമ്മാനിച്ച് പീസ് വാലി. ജിത്തുവും അമ്പാടി വിഷ്ണുവും സലാഹുദ്ദീനും അമീർ ഖാനും അവരിൽ ചിലർ മാത്രം. ഭിന്നശേഷിക്കാരനായ ജിത്തുവിനെ പീസ് വാലിക്ക് ലഭിക്കുന്നത് തൊടുപുഴ മേത്തൊട്ടിയിലെ വീടിനോട് ചേർന്ന ആട്ടിൻ കൂട്ടിൽ നിന്നാണ്. അമ്മ മരിച്ച ശേഷം അച്ഛനും രണ്ടാനമ്മയും ചേർന്ന് ജിത്തുവിനെ അവിടെയാണ് പാർപ്പിച്ചിരുന്നത്. മലപ്പുറം മാറഞ്ചേരി സ്വദേശി അമ്പാടി വിഷ്ണുവിന്റെയും പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീന്റെയും ഇടുക്കി പെരുവന്താനം സ്വദേശി അമീർഖാന്റെയുമൊക്കെ ജീവിതം വീടിനകത്തെ ചുവരുകളിൽ തളക്കപ്പെട്ടിരുന്നു.
ഇവരും ഇന്ന് സ്വതന്ത്രരായി പീസ് വാലിയിൽ ഉണ്ട്. ഉപേക്ഷിക്കപ്പെടുന്നവരും അനാഥരുമായ ഭിന്നശേഷിക്കാർക്കായി കഴിഞ്ഞ മേയ് മാസത്തിലാണ് പീസ് വാലിയിൽ ചിൽഡ്രൻസ് വില്ലേജ് ആരംഭിച്ചത്. പറവൂർ ആസ്ഥാനമായ പ്രാർത്ഥന ഫൗണ്ടേഷനും പീസ് വാലിക്കൊപ്പം കൈകോർത്ത് ഈ പദ്ധതിയിൽ ചേരുകയായിരുന്നു. നിലവിൽ 18 വയസ്സിൽ താഴെയുള്ള 44 കുട്ടികളാണ് ചിൽഡ്രൻസ് വില്ലേജിൽ ഉള്ളത്. ഉപേക്ഷിക്കപെടുന്ന നവജാത ശിശുക്കൾക്കുള്ള അമ്മത്തൊട്ടിലിൽ നിലവിൽ അതിജീവിതയുടെ മൂന്ന് ആഴ്ച് പ്രായമുള്ള പേരിടാത്ത കുഞ്ഞും ഭിന്നശേഷി കാരണം ഉപേക്ഷിക്കപ്പെട്ട ഒന്നര വയസ്സുകാരിയും ഉണ്ട്.
ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റലക്ച്വൽ ഡിസബിലിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്. പ്രത്യേക വൈദഗ്ധ്യം നേടിയ13 അധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്. ജീവിതത്തിൽ സ്വയം പര്യാപതരാകാനുള്ള പാഠങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ശുചി മുറി ഉപയോഗിക്കാനുമുള്ള പരിശീലനങ്ങൾ, സാമൂഹിക ജീവിതം പരിചയിക്കാൻ മാതൃക സൂപ്പർ മാർക്കറ്റ് എന്നിവയും സജീകരിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച സെൻസറി ഗാർഡൻ കുട്ടികളുടെ വളർച്ചയിൽ ഏറെ സഹായകമാകുന്നുണ്ട്. ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ഏതാനും ചില സ്ഥാപനങ്ങളിൽ ഒന്നാണ് പീസ് വാലി. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട നെഹ്റുവിന്റെ ജന്മദിനത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.