കോതമംഗലം: താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
വേനൽമഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടി വേഗത്തിലാക്കണമെന്ന് കൃഷിവകുപ്പ് അധികൃതർക്ക് എം.എൽ.എ നിർദേശം നൽകി. നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അടിയന്തര നടപടി സ്വീകരിക്കണം.
താലൂക്ക് അദാലത്തിൽ ലഭിച്ച എല്ലാ അപേക്ഷയും തീർപ്പായി. അദാലത്തിൽ എല്ലാ വകുപ്പും മികച്ച പ്രവർത്തനം കാഴ്ചവെച്ചെന്നും യോഗം വിലയിരുത്തി. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്ന നടപടികൾ പൊലീസ്, മോട്ടോർ വാഹന വകുപ്പും സ്വീകരിക്കണം. റോഡ് വശങ്ങളിൽ അപകടകരമായി നിൽക്കുന്ന വൻമരങ്ങൾ അടിയന്തരമായി നീക്കണം.
ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതിന് ശാശ്വത പരിഹാരം കാണണം. ഡ്രെയിനേജുകൾ വൃത്തിയാക്കി സ്ലാബിട്ട് അപകട ഭീഷണി ഒഴിക്കണം.
ആലുവ -കോതമംഗലം നാലുവരിപ്പാത നിർമാണം സംബന്ധിച്ച് ചർച്ച ചെയ്തു. ഇരമല്ലൂർ വില്ലേജിലെ ന്യായവില കൂടുതലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കുറക്കാനുള്ള നടപടികൾ ആർ.ഡി.ഒതലത്തിൽ സ്വീകരിച്ചുവരുന്നു.
പിണ്ടിമന പഞ്ചായത്തിലെ അടിയോടിയിൽ നിർമാണത്തിലിരിക്കുന്ന ഓക്സിജൻ പാർക്കിന്റെ നിർമാണ പ്രവൃത്തിക്ക് പെരിയാർവാലിയിൽനിന്നും അനാവശ്യ തടസ്സങ്ങൾ ഉണ്ടാക്കരുതെന്നും നിർദേശമുയർന്നു.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ യോഗം അനുശോചിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദാനി, റഷീദ് സലിം, റാണിക്കുട്ടി ജോർജ്, കോതമംഗലം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.