മരട്: നഗരസഭ പരിധിയില്‍ മതിയായ രേഖകള്‍ ഇല്ലാതെ ബോട്ട് സര്‍വിസ് നടത്തിയിരുന്ന സ്ഥാപനങ്ങള്‍ നഗരസഭ സീല്‍ ചെയ്തു. നഗരസഭയുടെ ദുരന്തനിവാരണ അധികാര നിയമം ഉപയോഗിച്ചാണ് നടപടി. മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്പീഡ് ബോട്ട് സര്‍വിസ് നടത്തിയത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
നഗരസഭ പരിധിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ടൂറിസം ബോട്ടുകളില്‍ കഴിഞ്ഞദിവസം നഗരസഭയുടെ സ്പെഷൽ സ്ക്വാഡ് നെട്ടൂരില്‍ നാലിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്ത ബോട്ട് ഉടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം നല്‍കിയെങ്കിലും ഒരാള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കിയത്.
കൊച്ചിന് ബാക്ക് വാട്ടേഴ്സ്, കൊച്ചിന് ബോട്ട് സര്‍വിസ് എന്നീ സര്‍വിസുകളാണ് പൂര്‍ണമായും പൂട്ടി സീല്‍ ചെയ്തത്. ബ്ലൂമറൈന് ബോട്ട് സര്‍വിസിന്റെ രജിസ്ട്രേഷന് ഇല്ലാത്ത അഞ്ച് ബോട്ടുകളും ലേക്ക് ബേ ബോട്ട് സര്‍വിസിന്റെ രജിസ്ട്രേഷന് ഇല്ലാത്ത നാല് ബോട്ടുകള്‍ക്കുമാണ് നഗരസഭ അനുമതി നിഷേധിച്ചത്.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിലും നിർദേശങ്ങളിലും അലംഭാവം കാണിക്കുന്ന ബോട്ട് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
നഗരസഭ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഡി. രാജേഷ്, ചന്ദ്ര കലാകാരന്, മുനിസിപ്പല്‍ സെക്രട്ടറി നാസിം.ഇ, മുനിസിപ്പല്‍ എന്‍ജിനീയര്‍ എം.കെ. ബിജു, എച്ച്.എസ് അഞ്ചു.കെ.തമ്പി, എച്ച്.ഐ പി.ജെ. ജേക്കബ്സണ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു നടപടി.
പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ക്ക് അടുത്ത ദിവസം കൈമാറുമെന്ന് നഗരസഭ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.