കൊച്ചി: കേന്ദ്ര സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് സർവിസ് പുനരാരംഭിക്കാൻ തയാറെടുത്ത് കൊച്ചി മെട്രോ. ഓരോ 20മിനിറ്റിലും ട്രെയിനുകൾ ലഭ്യമാക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ യാത്രയൊരുക്കും.
തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാൽ ഉപയോഗപ്പെടുത്താൻ ആലുവ, മുട്ടം സ്റ്റേഷനുകളിൽ ഒരു ട്രെയിൻ തയാറാക്കിയിടും. യാത്രക്കാരുടെ എണ്ണം അനുസരിച്ച് ട്രെയിനുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.
സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് എല്ലാ സൗകര്യവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വായു സഞ്ചാരം ലഭിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും 20 സെക്കൻഡെങ്കിലും നിർത്തിയിടും.
ആരംഭ സ്റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളിൽ പ്രധാന വാതിലുകൾ തുറന്ന നിലയിൽ അഞ്ച് മിനിറ്റ് നിർത്തിയിടുകയും ചെയ്യും. ലോക്ഡൗൺ സമയത്ത് കൃത്യമായ ഇടവേളകളിൽ ട്രാക്കുകളും സിഗ്നലുകളും പരിശോധിക്കുകയും കേടുപാടുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23നാണ് കേന്ദ്ര മാർഗനിർദേശ പ്രകാരം മെട്രോ സർവിസുകൾ നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.