മൂവാറ്റുപുഴ: എം.സി റോഡിന് സമാന്തരമായി കടന്നുപോകുന്ന മൂവാറ്റുപുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം ലിങ്ക് റോഡ് വികസനം യാഥാർഥ്യമാകുന്നു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക്റോഡിന്റെ വീതി കൂട്ടി നാലുവരിപ്പാത ആക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് 450.33 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചു.
മൂവാറ്റുപുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ പറഞ്ഞു. എം.സി റോഡിന് സമാന്തരമായി കടന്നുപോകുന്നതാണ് ആരക്കുഴ-പണ്ടപ്പിള്ളി-പാലക്കുഴ വഴിയുള്ള റോഡ്. ഇത്തവണ കിഫ്ബി അനുവദിച്ച ഫണ്ടില്‍ ഒരു മണ്ഡലത്തിന് അനുവദിച്ച ഏറ്റവും വലിയ തുകയാണ് മൂവാറ്റുപുഴക്ക് ലഭിച്ചത്.
റോഡിന്റെ നിലവിലെ വളവും അപകട സാധ്യതയും കുറച്ച് 20 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയാണ് യാഥാർഥ്യമാകുന്നത്. നിലവിൽ ഏഴുമീറ്റർ മാത്രമാണ് വീതി. റോഡിന് സ്ഥലം നേരത്തേ കണ്ടെത്തിയിരുന്നു എങ്കിലും പണം ലഭ്യമായിരുന്നില്ല. ഇതോടെ വീതി കൂട്ടൽ അടക്കമുള്ള നടപടികൾ നിലക്കുകയായിരുന്നു. മൂവാറ്റുപുഴ നഗരസഭയിലെ പി.ഒ ജങ്ഷനിൽനിന്ന് തുടങ്ങി മാറാടി, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലൂടെ കടന്ന് കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്ന 15.5 കി.മീറ്റർ ദൈർഘ്യമുള്ള റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്ന ജോലി നിലവിൽ തുടരുകയാണ്.
റോഡ് നിർമാണം പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴയിൽനിന്ന് കൂത്താട്ടുകുളത്തേക്ക് രണ്ടര കിലോമീറ്റർ ദൂരം കുറയും. ഇതിന് പുറമെ എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും ചെയ്യും. എം.സി റോഡിലും തൊടുപുഴ റോഡിലും ഗതാഗത തടസ്സമുണ്ടാകുമ്പോൾ ആരക്കുഴ, പണ്ടപ്പിള്ളി റോഡിലൂടെയാണ് മൂവാറ്റുപുഴയിൽനിന്ന് ബസുകൾ ഉൾപ്പെടെ പോകുന്നത്. കൂടാതെ പെരുമ്പല്ലൂർ, ആരക്കുഴ, പണ്ടപ്പിള്ളി, തോട്ടക്കര, അരിക്കുഴ, ചിറ്റൂർ, മണക്കാട് വഴി പോകുന്ന നിരവധി സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നതും ഈ റോഡിലൂടെയാണ്. എം.സി റോഡിന്റെ വളവും അശാസ്ത്രീയ കയറ്റവും നിരവധി അപകടങ്ങള്‍ക്ക് കാരണമായതിന്റെയും ചുരുങ്ങിയ കാലത്ത് നടന്ന മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചാണ് വലിയ തുക അനുവദിപ്പിച്ചതെന്ന് എം.എല്‍ എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.