മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടർന്ന് കക്കടാശേരി - കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ്പൊട്ടി. 67. 91കോടിരൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തിൽ ടാർ ചെയ്തതിനു പിന്നാലെയാണ് റോഡിന്റെ മധ്യത്തിൽ പൈപ്പ്പൊട്ടിയത്. മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് നിന്ന് ആരംഭിച്ച നവീകരണ പ്രവർത്തനം മൂവാറ്റുപുഴ കക്കടാശേരിയിലാണ് അവസാനിക്കുന്നത്. 2022ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നിലവിൽ ടാറിങ്ങ് കഴിഞ്ഞ കാലാമ്പൂർ ഭാഗത്താണ് പൈപ്പു പൊട്ടിയത്. കാലമ്പൂർ പെട്രോൾ പമ്പിന് സമീപവും വില്ലേജ് ഓഫിസിനു സമീപവുമാണ് പൈപ്പ് പൊട്ടിയത്.
നവീകരണത്തിന്റെ ഭാഗമായി ശുദ്ധജല വിതരണ പൈപ്പുകൾ നീക്കം ചെയ്യാതെ ടാറിങ് നടത്തിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഈ ഭാഗത്ത് റോഡിനു വീതി കൂട്ടിയപ്പോൾ ജലവിതരണ കുഴലുകൾ റോഡിന് മധ്യത്തിലാകുകയായിരുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് നേരത്തെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നെങ്കിലും ഇവ മാറ്റാതെ ടാർചെയ്യുകയായിരുന്നു. റോഡരികിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ വില്ലേജ് ഓഫിസിനു മുന്നിൽ അടക്കം ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച് റോഡ് വീതി കൂട്ടാതെ ടാർ ചെയ്തതായി നാട്ടുകാർ ആരോപിച്ചു.
ജല അതോറിറ്റി ഉദ്യോഗസ്ഥർ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയാറാകാതെ ടാറിങ് നടത്തുകയായിരുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മുൻ സർക്കാരിന്റെ കാലത്താണ് റീബിൽഡ് പദ്ധതിയിൽപെടുത്തി റോഡ് നിർമാണത്തിന് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.