മൂവാറ്റുപുഴ: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ രണ്ടാം ദിവസവും കാറും ലോറിയും കൂട്ടിയിടിച്ച് സഹോദരിമാർ മരിച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം ഒമ്പതുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മൂന്നുപേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.30ഓടെ കോട്ടയം-മൂവാറ്റുപുഴ റൂട്ടിൽ ഈസ്റ്റ് മാറാടി പള്ളിക്കവലയിലായിരുന്നു നാടിനെ നടുക്കിയ അപകടം.
തിരുവനന്തപുരം കേശവദാസപുരം പിള്ളവീട് നഗറിൽ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷിയമ്മാൾ (ഗീത -60), സഹോദരിയും ആലുവ ടാസ് റോഡ് റാം മന്ദിറിൽ വേണുഗോപാലിന്റെ ഭാര്യയുമായ ഭാഗ്യലക്ഷ്മി (70) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38), പുലിയന്നൂർ മണലൂർമഠം ശാന്തി (38), മരിച്ച മീനാക്ഷിയമ്മാളിന്റെ മകൻ കാക്കനാട് ട്രാവൻകൂർ റെസിഡൻസിയിൽ മഹാദേവൻ ഹരിഹര അയ്യർ (33), ലോറി ഡ്രൈവർ മൂവാറ്റുപുഴ പാലത്തിങ്കൽ പി.എ. അൻസൽ എന്നിവർക്കും ലോറിയിലുണ്ടായിരുന്ന അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.
പാലാ പുലിയന്നൂരിലെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് ആലുവയിലെ തറവാട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും കൂത്താട്ടുകുളത്തെ ജോലിസ്ഥലത്തേക്ക് അന്തർ സംസ്ഥാന തൊഴിലാളികളുമായി പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ലോറിയിലുണ്ടായിരുന്ന പരിക്കേറ്റവരെ നാട്ടുകാരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സഹോദരിമാരുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആലുവ യു.സി കോളജിന് സമീപത്തെ ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ നടക്കും.
മരിച്ച ഭാഗ്യലക്ഷ്മിയുടെ മക്കൾ: വിനോദ്, വീണ. മരുമക്കൾ: ശുഭ, ജയറാം. ദേശീയ സമ്പാദ്യ പദ്ധതി ഏജൻറായിരുന്ന ഭാഗ്യലക്ഷ്മി കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ ആലുവയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ബുധനാഴ്ച പുലർച്ച ഈസ്റ്റ് മാറാടി പള്ളിക്കവലയിൽ നടന്ന മറ്റൊരു അപകടത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.