മൂവാറ്റുപുഴ: നഗരത്തിൽ പൈപ്പ് പൊട്ടൽ തുടരുന്നു. അറ്റകുറ്റപണികൾ നടത്തുകയും റോഡ് ടാർ ചെയ്യുകയും ചെയ്തതിനു പിന്നാലെ അഞ്ചാം വട്ടവും പൈപ്പ് പൊട്ടി .
നഗരത്തിലെ നിരപ്പ് റോഡിൽ സിവിൽ സപ്ലൈസ് ഗോഡൗണിനു മുന്നിലാണ് രണ്ട്മാസത്തിനിടെ അഞ്ചാം വട്ടം പൈപ്പ് പൊട്ടിയത്. ഇതോടെ കുടിവെള്ളം ഇല്ലാതെ നാട്ടുകാർ വലയുകയാണ്. വേനൽ കനത്തു കിണറുകളിലും വെള്ളം ഇല്ലാതായതോടെ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് നാട്ടുകാർ.
ഒരാഴ്ച മുമ്പ് അറ്റകുറ്റപണി തീർത്തതിന്റെ പിന്നാലെയാണ് രണ്ട്ദിവസം കുടിവെള്ള കുഴൽ വീണ്ടും പൊട്ടിയത്. ഇതിനിടെ കഴിഞ്ഞ ദിവസംപൈപ്പ് പൊട്ടിയഭാഗത്ത്പൊതുമരാമത്ത് വകുപ്പ്റോഡ് ടാർ ചെയ്യുകയും ചെയ്തിരുന്നു . ഇതും പൊളിഞ്ഞു.
ജലവിതരണ കുഴൽ പൊട്ടിയതോടെ നഗരത്തിലെ വടക്ക് കിഴക്കൻ മേഖലയിൽ കുടിവെള്ള വിതരണവും മുടങ്ങി. കീച്ചേരിപ്പടി, നിരപ്പ്, ആസാദ്റോഡ്, ഇലാഹിയ തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്.
നാല് പതിറ്റാണ്ടുമുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകളാണ് നഗരത്തിലുള്ളത്. ജലവിതരണം നടത്തുമ്പോൾ ഉണ്ടാകുന്ന സമർദ്ദമാണ് പൈപ്പുകൾ അടിക്കടി പൊട്ടാൻ കാരണം.
കാലപഴക്കമുള്ള ജലവിതരണ കുഴലുകൾ മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടങ്കിലും നടപടി ഇല്ല. പത്തുവർഷം മുമ്പ് നഗരത്തിലെ കുടിവെള്ള കുഴലുകൾ മാറ്റിസ്ഥാപിക്കാൻ 17 കോടി രൂപയുടെപദ്ധതി കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായില്ല. നഗരത്തിലെ ഭൂരിഭാഗം കുടുംബങ്ങളും നിലവിൽ ജല അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.