മൂവാറ്റുപുഴ: കാൽനടക്കാർക്ക് ദുരിതമായി ഫുട്പാത്തിലേക്ക് ഇടിഞ്ഞുവീണ സ്കൂൾ മതിലിന്റെ അവശിഷ്ടങ്ങൾ നഗരസഭ അധികൃതർ നീക്കം ചെയ്തു. നഗരമധ്യത്തിലെ നെഹ്റു പാർക്കിൽ എം.സി റോഡിലേക്കും ഫുട്പാത്തിലേക്കും തകർന്നുവീണ ടൗൺ യു.പി സ്കൂൾ മതിലിന്റ അവശിഷ്ടങ്ങളാണ് നീക്കിയത്.
കാൽനടക്കാർക്ക് ദുരിതം വിതച്ച് മതിലിന്റെ അവശിഷ്ടങ്ങൾ ഫുട്പാത്തിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അപകടാവസ്ഥയിൽ നിലകൊള്ളുന്ന സ്കൂൾ മതിലിന്റ ബാക്കി ഭാഗംകൂടി തകർന്നു വീഴാനുള്ള സാധ്യത മുന്നിൽകണ്ട് അപകടങ്ങൾ ഒഴിവാക്കാൻ ഫുട്പാത്തിൽ പ്ലാസ്റ്റിക് വള്ളികൾ കെട്ടി തിരിച്ചിരിക്കുന്നതിനാൽ റോഡിൽ കൂടിയാണ് കാൽനടക്കാർ സഞ്ചരിച്ചത് ഇത് അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ കാൽനടക്കാർ വാഹനാപകടത്തിൽപെടുന്നത് പതിവായി. വാർത്തകൾ വന്നതോടെയാണ് നഗരസഭ അധികൃതർ കല്ലും മണ്ണും നീക്കം ചെയ്തു ഫുട്പാത്ത് സഞ്ചാരയോഗ്യമാക്കിയത്.
കഴിഞ്ഞ സെപ്റ്റംബർ 30നാണു സ്കൂൾ മതിൽ തകർന്നു റോഡിലേക്കു വീണത്. സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്ന ബി.ആർ.സി കെട്ടിടത്തോട് ചേർന്നുള്ള മതിലാണ് തകർന്നത്. മതിലിനു സമീപം ഫുട്പാത്തിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന സുബ്രഹ്മണ്യന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോട്ടറി കച്ചവടം നടത്തുന്ന വണ്ടിക്കു മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ശേഷിക്കുന്ന മതിലും അപകടഭീഷണി ഉയർത്തിയാണ് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.