മൂവാറ്റുപുഴ: പെരുമ്പാവൂർ വെങ്ങോലയിൽ അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടുപേർക്ക് ജീവപര്യന്തം. അസംകാരനായ രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശികൾതന്നെയായ ബബുൽചന്ദ്ര ഗോഗോയ്, അനൂപ് ബോറ എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. ഓരോ ലക്ഷം രൂപ വീതം പിഴയടക്കാനും ഉത്തരവുണ്ട്.
2014 ഡിസംബർ 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ചേർന്ന് വെങ്ങോല പുത്തൂരാൻ കവല ഭാഗത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിൽവെച്ച് രാജു മണ്ഡലിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ ഇവരെ അസമിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.
പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന മുഹമ്മദ് റിയാസാണ് കുറ്റപത്രം സമർപ്പിച്ചത്. 21 സാക്ഷികളെയും 44 രേഖകളും 13 മുതലുകളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.