മൂവാറ്റുപുഴ: തിരക്കേറിയ ആയവന വാച്ച് സ്റ്റേഷൻ - ഏനാനല്ലൂർ റോഡിലെ മടം തോട് പാലത്തിന്റെ നിർമാണം പാതിയിൽ നിലച്ചതോടെ നാട്ടുകാർ പെരുവഴിയിൽ. നിർമാണ സാമഗ്രികൾക്ക് വിലവർധിച്ചതുമൂലം കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയതാണ് കാരണം.
ആയവന വാച്ച് സ്റ്റേഷൻ -ഏനാനല്ലൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയായതോടെയാണ് പുതിയ പാലം നിർമിക്കാൻ പാലം പൊളിച്ചുനീക്കിയത്.
ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നടപ്പാലം നിർമിച്ചെങ്കിലും ഗതാഗതം നിലച്ചത് ജനത്തെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് റോഡ് നവീകരണത്തിന് 3.58 കോടി രൂപ അനുവദിച്ചത്. നാല് കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കാനും തോടിന് കുറുകെയുള്ള ഇടുങ്ങിയ പാലം പൊളിച്ച് പുനർനിർമിക്കാനുമാണ് തുക അനുവദിച്ചത്. റോഡിന്റെ ടാറിങ് പൂർത്തിയായെങ്കിലും പാലം നിർമാണം അനിശ്ചിതത്വത്തിലാണ്. ആയവന പള്ളിത്താഴത്തുനിന്ന് തുടങ്ങുന്ന റോഡ് രണ്ടാർ വഴി മൂവാറ്റുപുഴക്കുള്ള എളുപ്പവഴിയാണ്.
ശരാശരി 10 മീറ്റർ വീതിയുള്ള റോഡിൽ ആയവന പള്ളി കവലക്ക് സമീപം റോഡിന് താഴെ തോടിനുകുറുകെ പതിറ്റാണ്ടുകൾ മുമ്പ് നിർമിച്ച നാലുമീറ്റർ വീതിയുള്ള പാലം കാലഹരണപ്പെട്ടതിനെത്തുടർന്നാണ് പുതിയ പാലം നിർമാണംകൂടി ഉൾപ്പെടുത്തി സർക്കാർ പണം അനുവദിച്ചത്. ബലക്ഷയം വന്ന പാലം ആറുമാസം മുമ്പ് നിർമാണത്തിന് പൊളിച്ചുനീക്കി.
പ്രദേശത്തിന് വികസനം കൊണ്ടുവരുമായിരുന്ന പദ്ധതി ജനപ്രതിനിധികളുടെ അലംഭാവം മൂലം മുന്നോട്ടുപോകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആരോപിച്ചു.
ജനങ്ങൾക്കുവേണ്ടി കൊണ്ടുവന്ന പദ്ധതി ജനപ്രതിനിധികളുടെ അശ്രദ്ധ കൊണ്ട് മാത്രം ജനങ്ങളെ വലക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും എൽദോ എബ്രഹാം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.