മൂവാറ്റുപുഴ: കാളിയാറിൽ കുളിക്കടവിന് സമീപം പുഴയിൽ മുതലയെക്കണ്ടത് ഭീതി പരത്തി. വ്യാഴാഴ്ച രാവിലെ കുളിക്കാനെത്തിയവരാണ് മുതലയെ കണ്ടത്. ആയവന പഞ്ചായത്തിലെ പതിനാലാം വാർഡിൽപെട്ട കാരിമറ്റം കക്കുറിഞ്ഞി കടവിനുസമീപമാണ് മൂന്നുമീറ്ററോളം നീളമുള്ള മുതലയെ കണ്ടത്. വെള്ളപ്പൊക്കത്തിൽ ഒഴുകി എത്തിയതാണന്നു കരുതുന്നു. ഫോറസ്റ്റ് അധികൃതരെ അറിയിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് സുറുമി അജീഷ് പറഞ്ഞു. പുഴയിൽ കുളിക്കാനിറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.
പുഴയിൽ വെള്ളം ഉയർന്നതോടെ തീരപ്രദേശങ്ങളിൽ വന്യജീവികളെ കണ്ടെത്തുന്നത് പതിവായി. മുതലക്കുപുറമെ കലമാൻ, ഹനുമാൻ കുരങ്ങ്, മലമ്പാമ്പ് എന്നിവയെയും മേഖലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം അരിക്കുഴയിൽ എത്തിയ ഹനുമാൻ കുരങ്ങ് അവിടെനിന്ന് ആയവന പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. ഹനുമാൻ കുരങ്ങ് വിവിധ വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും കയറിയിറങ്ങി നടന്നത് കൗതുകത്തോടെയാണ് ജനം കണ്ടുനിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വെള്ളപ്പൊക്കത്തിൽ കലമാനും കാട്ടിൽനിന്ന് ഒഴുകിയെത്തിയിരുന്നു. റാക്കാട്ടെ റബർ തോട്ടത്തിലാണ് കലമാൻ എത്തിയത്. ഒരു ദിവസം മുഴുവൻ റാക്കാട് കറങ്ങി നടന്ന കലമാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും അപ്രത്യക്ഷമായി. പെരുമ്പാമ്പുകളും മലവെള്ളത്തിൽ ഒഴുകിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.