മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജാഗ്രത സമിതി രൂപവത്കരിച്ചു. മൂവാറ്റുപുഴ സെൻട്രൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി.
കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനജാഗ്രത സദസ്സിൽ വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ, വിവിധ ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, രാഷ്ട്രീയപാർട്ടികൾ, മത-സാമുദായിക സംഘടനകൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു.
ബോധവത്കരണത്തിനു പുറമെ, ലഹരിവ്യാപനം തടയുക, വിൽപന സംഘങ്ങളെ കണ്ടെത്തി അധികാരികളെ അറിയിക്കുക, ലഹരിസംഘങ്ങൾ തങ്ങുന്ന കേന്ദ്രങ്ങൾ കണ്ടെത്തുക, നിരീക്ഷണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സമിതിയുടെ നേതൃത്വത്തിൽ നടക്കുക.
ലഹരിവ്യാപനം വ്യാപകമായ 1990കളിൽ നഗരത്തിൽ ജാഗ്രത സമിതി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു. അന്ന് ശക്തമായ നടപടികളുമായി അധികൃതരുടെ സഹകരണത്തോടെ രംഗത്തിറങ്ങിയ നാട്ടുകാർ ലഹരിമാഫിയയെ തുടച്ചുനീക്കിയിരുന്നു. ഇതിനുശേഷം കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലാതെ നാളുകൾ കടന്നുപോയെങ്കിലും അടുത്തകാലത്ത് ലഹരിസംഘങ്ങൾ വീണ്ടും മേഖലയിൽ പിടിമുറുക്കുകയാണ്. രാസലഹരി അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപഭോഗവും വിൽപനയുമാണ് നിലവിൽ വ്യാപകമാകുന്നത്. ക്ലബ് പ്രസിഡന്റ് പി.എൻ. റനീഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാന്മാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, നിസ അഷ്റഫ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം. ഷുക്കൂർ, എം.എ. യൂനുസ് തുടങ്ങിയവർ സംസാരിച്ചു. ട്രാഫിക് എസ്.ഐ കെ.പി. സിദ്ദീഖ് ബോധവത്കരണ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.