പീപ്പിൾസ് ലൈബ്രറിയിലെ വായന മുറിയിൽ വായനയിൽ മുഴുകിയ സ്ത്രീകൾ

നാ​ടി​ന്‍റെ വെ​ളി​ച്ച​മാ​യി ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി

മൂവാറ്റുപുഴ: പുസ്തകങ്ങളുമേന്തി വീടുകൾ തോറും വായനക്കാരെ തേടിയെത്തുന്ന 'അക്ഷര സേന' ഈസ്റ്റ് വാഴപ്പിള്ളിയെന്ന ഗ്രാമത്തിലെ പതിവു കാഴ്ചയാണ്. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ പീപ്പിൾസ് ലൈബ്രറിയാണ്. തൊഴിൽ പരിശീലനം, ബോധവത്കരണ ക്ലാസ്, നിർധനർക്ക് ഭക്ഷ്യക്കിറ്റ് വിതരണം, ഹെൽപ് ഡെസ്ക്, അന്തർസംസ്ഥാന കുട്ടികൾക്കായി പ്രത്യേക പരിശീലന കേന്ദ്രം എല്ലാം ഇവിടെയുണ്ട്. ഇങ്ങനെയാണ് ഈ ഗ്രന്ഥാലയം നാടിന്‍റെ മുഴുവൻ സാംസ്കാരിക കേന്ദ്രമായി മാറുന്നത്.

ജില്ലയിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ വായനക്കായി എത്തുന്ന ഇടമാണിവിടം. രാവിലെയും, വൈകിട്ടും നിരവധി സ്ത്രീകളാണ് വായനശാലയിൽ എത്തുന്നത്. ഗ്രന്ഥശാലക്ക് കീഴിൽ സ്ത്രീകൾക്കായി തൊഴിൽ പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നു. വനിതാ വേദിയുടെ പ്രവർത്തനവും സജീവമാണ്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ അവികസിത മേഖലയായ ആട്ടായം പ്രദേശത്ത് അക്ഷര സ്നേഹികളുടെ കൂട്ടായ്മയിൽനിന്ന് 1974-ൽ പിറവിയെടുത്തതാണ് പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് .

ആ വർഷം തന്നെ ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ ലഭിച്ചു. നാട്ടിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജനകീയ വായനശാലയായി മാറി. കോവിഡ് കാലത്തും ലൈബ്രറിയുടെ പ്രവർത്തനം അനസ്യൂതം തുടരുകയായിരുന്നുവെന്ന് പ്രസിഡന്റ് ജേക്കബ് കുര്യൻ, സെക്രട്ടറി സമദ് മുടവന എന്നിവർ പറഞ്ഞു. ഈസ്റ്റ് വാഴപ്പിള്ളിഗ്രാമത്തിൽ 6500 പുസ്തകങ്ങളുമായി മൂന്ന് നിലകളിലായി തലയുയർത്തിനിൽക്കുന്ന ഗ്രന്ഥാലയം എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന പൊതു ഇടമായി മാറി.

വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി എന്നിവ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതിനാൽ സ്ത്രീകളടക്കമുള്ള ഗ്രാമീണരെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ട് . ഗ്രന്ഥശാല ദിനത്തിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ജൻശിക്ഷൻസൻ സ്ഥാൻ നടത്തുന്ന തയ്യൽ പരിശീലനത്തിലുള്ള 40 വനിതകൾ പങ്കെടുത്ത് വായന മത്സരം നടത്തുന്നുണ്ട്.

Tags:    
News Summary - East Vazhapilli People's Library as the light of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.