മൂവാറ്റുപുഴ: അടിസ്ഥാന സൗകര്യ വികസനം കാത്ത് ജില്ലയിലെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളിൽ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി. ദിനേന നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ്. 1988 ൽ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നഗരസഭ എവറസ്റ്റ് കവലക്ക് സമീപം നിർമിച്ച ആശുപത്രിയിൽ നിലവിൽ ഡോക്ടർമാർക്ക്പോലും ഇരിക്കാൻ സ്ഥല സൗകര്യം ഇല്ല. വർഷകാലമെത്തിയാൽ ജീവനക്കാരുടെ ഉള്ളിൽ തീയാണ്. എപ്പോഴാണ് വെള്ളം കയറുന്നതെന്ന് അറിയില്ല. പാതിരാത്രിയിൽ വെള്ളം എത്തിയാൽ രോഗികളെ വീട്ടിൽ അയക്കണം.
ഉപകരണങ്ങൾ മുഴുവൻ മാറ്റണം. നിലവിൽ വെൽഫെയർ പാർട്ടിയും ഐ.ആർ.ഡബ്ല്യൂ അടക്കമുള്ള സന്നദ്ധ സംഘടനകളുമാണ് ഉപകരണങ്ങൾ അടക്കം മുകളിലേക്ക് നീക്കുന്നത്. രണ്ടാഴ്ച മുമ്പും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഉപകരണങ്ങൾ മുഴുവൻ ഇവർ മാറ്റിയിരുന്നു. മഴ ശക്തമായി വെള്ളപ്പൊക്ക ഭീഷണി ഉയർന്നതോടെ കഴിഞ്ഞ നാല് ദിവസമായി ഐ.പിയിൽ ചികിത്സയിലായിരുന്ന രോഗികളെ വീട്ടിൽ പറഞ്ഞയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രണ്ട് ഡോക്ടർമാർ കൂടി എത്തിയെങ്കിലും ഇവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. മരുന്നു സൂക്ഷിക്കാനും സൗകര്യങ്ങളില്ല. കഴിഞ്ഞ പ്രളയകാലത്ത് 10 ലക്ഷം രൂപയുടെ മരുന്നാണ് വെള്ളം കയറി നശിച്ചത്. വർഷകാലത്ത് മൂവാറ്റുപുഴയാർ കരകവിഞ്ഞാൽ വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ട് ഉയർത്താതെ അശാസ്ത്രീയമായാണ് ആശുപത്രി നിർമിച്ചത്. മൂന്നു നിലകളിലായി നിർമിച്ച ആശുപത്രി കെട്ടിടത്തിൽ സെല്ലാറിലാണ് ഐ.പി പ്രവർത്തിക്കുന്നത്. വർഷകാലത്ത് വെള്ളം കയറുന്നത് മൂലം ദിവസങ്ങളോളം ഐ.പി ബ്ലോക്ക് അടച്ചുപൂട്ടി രോഗികളെ വീട്ടിൽ വിടേണ്ട അവസ്ഥയാണ്. അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ ഒരു കോടി രൂപയും രോഗികൾക്ക് കൂടുതൽ സേവനം ലഭ്യമാക്കാൻ ഒരു ഫിസിയോതെറപ്പി യൂനിറ്റും അനുവദിച്ചിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താനായിട്ടില്ല. ഫിസിയോതെറപ്പി യൂനിറ്റ് ആരംഭിക്കാനും സൗകര്യമില്ല.
നിലവിലെ ആശുപത്രി കെട്ടിടത്തോടനുബന്ധിച്ച് മുകളിൽ കെട്ടിടം നിർമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളുവെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. ആശുപത്രിയുടെ വികസനത്തിനായി അഞ്ച് വർഷം മുമ്പ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പദ്ധതി സമർപ്പിച്ചതിനെ തുടർന്ന് അടുത്തിടെ ദേശീയ ആയുഷ് പദ്ധതിയിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ഐ.പി ബ്ലോക്ക് നിർമിക്കുന്നതിനടക്കം തുക തികയില്ല. കൂടുതൽ ഫണ്ട് ലഭിച്ചാലെ പ്രശ്ന പരിഹാരം ആകൂ. ഇതിനുള്ള നടപടി എടുക്കേണ്ട നഗരസഭയും തിരിഞ്ഞുനോക്കുന്നില്ല. ഇതിനിടെ ആശുപത്രിയുടെ ഐ.പി ബ്ലോക്ക് മറ്റൊരു വാർഡിലേക്ക് മാറ്റാൻ അണിയറയിൽ നീക്കം നടക്കുന്നുവെന്നും ഇത് ആശുപത്രിയെ വിഭജിക്കുന്നതിനു തുല്യമാകുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. സീതാലയം അടക്കം നിരവധി പദ്ധതികളുള്ള ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ ആറ് ഡോക്ടർമാരും ഇരുപതോളം ജീവനക്കാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.