മൂവാറ്റുപുഴ: നഗരസഭയുടെ ആധുനിക മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെ താവളമായി. സാമൂഹികവിരുദ്ധരും ആക്രിക്കച്ചവടക്കാരും മാർക്കറ്റ് കൈയേറിയതോടെ പരിസരത്തെ വ്യാപാരികൾക്കും സ്കൂൾ വിദ്യാർഥികൾക്കും അടക്കം ദുരിതമായിരിക്കുകയാണ്. രാപ്പകൽ ഭേദമന്യ പ്ലാസ്റ്റിക് മാലിന്യത്തിന് തീയിടുന്നതുമൂലം ഉയരുന്ന പുക സ്റ്റേഡിയം കോംപ്ലക്സിലും ന്യൂ ബസാറിലുമുള്ള വ്യാപാരികൾക്കും ടൗൺ സ്കൂളിലെ വിദ്യാർഥികൾക്കും മറ്റുമാണ് ദുരിതം വിതക്കുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് കേന്ദ്രസർക്കാറിന്റെ സഹായത്തോടെ മൂന്നുകോടി ചെലവഴിച്ചു നിർമിച്ച മത്സ്യമാർക്കറ്റ് അടച്ചുപൂട്ടി ഇടുകയായിരുന്നു. കുറെക്കാലം മാർക്കറ്റിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി. ഇതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായത്. ഇവിടെ ഉണ്ടായിരുന്ന വയറിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ശീതീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും സാമൂഹികവിരുദ്ധർ പൊളിച്ചെടുത്തു വിറ്റു. പകൽ പോത്തുവളർത്തൽ കേന്ദ്രമാകുന്ന കെട്ടിടം രാത്രി സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാകും. കാടുപിടിച്ചുകിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്. ഇതിനിടയാണ് ഇവിടെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്.
മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആധുനിക മത്സ്യമാർക്കറ്റ് നിർമിച്ചത്. അടച്ചുപൂട്ടിയിട്ടിരിക്കുന്ന മാർക്കറ്റ് കെട്ടിടം ഒടുവിൽ മുനിസിപ്പൽ സ്റ്റേഡിയത്തിന്റ ഭാഗമാക്കാനുള്ള നീക്കത്തിലാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.