മൂവാറ്റുപുഴ: താലൂക്ക് ഭരണ സിരാകേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ മാലിന്യക്കൂമ്പാരം തന്നെ നീക്കംചെയ്ത് ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജി. മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ വളപ്പിലെ മാലിന്യക്കൂമ്പാരമാണ് ഷാജി ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കിയത്.
ഇതിലുണ്ടായിരുന്ന പ്ലാസ്റ്റിക് മുഴുവൻ തിരഞ്ഞാണ് നീക്കിയത്. നിയമം പാലിക്കേണ്ടവർതന്നെ നിയമ ലംഘകരാകുമ്പോൾ നോക്കിനിൽക്കാതെ ഇടപെടുകയായിരുന്നു ഷാജി.
35ഓളം ഓഫിസ് സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കിറ്റുകൾ അടക്കമുള്ള മാലിന്യവും മറ്റും ദിവസങ്ങൾ കഴിയുമ്പോൾ രാവിലെ ശുചീകരണ തൊഴിലാളികൾ കത്തിക്കാറാണ് പതിവ്. വിഷപ്പുകക്കെതിരെ നാട്ടുകാർ പരാതിയുമായി എത്താറുണ്ടങ്കിലും നിയമലംഘനത്തിനെതിരെ നിയമം പാലിക്കേണ്ടവർ നടപടി എടുക്കാറില്ല. ചൊവ്വാഴ്ച രാവിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനു പിറകെയാണ് ഷാജി സ്ഥലത്തെത്തുന്നത്. വിഷപ്പുക പരിസരമാകെ ഉയർന്നിരുന്നു. ഇതിനെതിരെ ആർ.ടി.ഒക്ക് പരാതി നൽകിയ ശേഷം സിവിൽ സ്റ്റേഷൻ വളപ്പിലെ മാലിന്യ തള്ളൽ സ്ഥലത്തേക്ക് ഇറങ്ങിയ ഷാജി മാലിന്യം കോരിമാറ്റി ഇതിൽനിന്നും പ്ലാസ്റ്റിക് മാലിന്യം മുഴുവൻ എടുത്തുനീക്കി. പരിസരം വൃത്തിയാക്കി. സിവിൽ സ്റ്റേഷന്റെ പിറകുവശത്തെ മാലിന്യക്കൂമ്പാരമാണ് നീക്കം ചെയ്തത്.
സിവിൽ സ്റ്റേഷനു വേണ്ടി വലിയ കെട്ടിടം നിർമിച്ചെങ്കിലും മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയിട്ടില്ല. നിർമാണ ഘട്ടത്തിൽതന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറായില്ല. ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്’ എന്ന ആർ.ടി.ഒ യുടെ മുന്നറിയിപ്പ് ബോർഡിന് തൊട്ടുതാഴെയാണ് മാലിന്യം തള്ളൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.