മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിലപ്പ് ഉയർന്ന്, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കനത്ത മഴയെത്തുടർന്ന് കാളിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചതും മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ അഞ്ചെണ്ണം 150 സെൻറീമീറ്റർ വീതം ഉയർത്തിയതുമാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പുയരാൻ കാരണമായത്.
കഴിഞ്ഞ രാത്രി ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലാണ് മലങ്കര ഡാം നിറയാൻ കാരണമായത്. ഇതോടെ 42 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 41.38 മീറ്ററായി ജലനിരപ്പ് ഉയർന്നു. കാളിയാറിലും തൊടുപുഴയാറിലും ഒഴുക്ക് വർധിച്ചതോടെയാണ് ഇവ സംഗമിക്കുന്ന മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നത്. പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അധികൃതർ ജാഗ്രത നിര്‍ദേശം നല്കി. മഴ തുടര്‍ന്നാല്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിനടിയിലാകും.
ശനിയാഴ്ച പുലർച്ചയോടെതന്നെ നഗരത്തിലെ പുഴയോര നടപ്പാത അടക്കം വെള്ളത്തിനടിയിലായിരുന്നു. മഴ ശക്തമായി ഇനിയും ജലനിരപ്പ് ഉയർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇലാഹിയ കോളനി, മൂന്നുകണ്ടം, സ്റ്റേഡിയം പരിസരം, കൊച്ചങ്ങാടി, ആനിക്കാക്കുടി കോളനി, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം കൂൾമാരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാകും.
നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്. അധികവും നിർധന കുടുംബങ്ങളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്. 2018ലും -19ലും 20ലും ഉണ്ടായ പ്രളയത്തിൽ മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.
വാണിജ്യമേഖലയിൽ കോടികളുടെ നഷ്ടമാണുണ്ടായത്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. തൊടുപുഴയാറില്‍ മുന്നറിയിപ്പ് നിരപ്പ് 9.67 മീറ്ററും അപകട നിരപ്പ് 10.67 മീറ്ററുമാണ്. കാളിയാര്‍ പുഴയില്‍ മുന്നറിയിപ്പ് നിരപ്പ് 11.59 മീറ്ററും അപകടനിരപ്പ് 12.59 മീറ്ററുമാണ്. കോതമംഗലം ആറില്‍ മുന്നറിയിപ്പ് നിരപ്പ് 11.5 മീറ്ററും അപകട നിരപ്പ് 12.5 മീറ്ററുമാണ്. ഇവ മൂന്നും ചേരുന്ന മൂവാറ്റുപുഴയാറില്‍ മുന്നറിയിപ്പ് നിരപ്പ് 10.015 മീറ്ററും അപകട നിരപ്പ് 11.015 മീറ്ററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.