മൂവാറ്റുപുഴ: കനത്ത മഴയിൽ പുഴയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ലത പാലത്തിനുസമീപം പള്ളിക്കടവിന് ചേർന്ന് പേട്ട ജുമാമസ്ജിദിന്റെ കരിങ്കൽകെട്ടാണ് തൊടുപുഴയാറ്റിലേക്ക് പതിച്ചത്. 15 അടി ഉയരമുള്ള കൽക്കെട്ടിന്റെ 20 മീറ്ററോളം നീളത്തിൽ ഭിത്തി നിലംപൊത്തി. തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ പുഴക്ക് ഭീഷണിയാണ്.
കല്ലും മണ്ണും പുഴയിലടിയുന്നതോടെ ആഴം കുറഞ്ഞ് പ്രളയസാധ്യതയും വർധിക്കുന്നു. മഴക്കാലത്ത് പുഴവെള്ളം ഒഴുകി എത്തിയിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും ഇതിനകം മണ്ണിട്ട് നികത്തി. ഇതോടെയാണ് നഗരത്തിൽ പ്രളയസാധ്യത വർധിച്ചത്.
പുഴകൾ നിറയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും നഗരത്തിലും പൊടുന്നനെ വെള്ളം കയറുന്ന സ്ഥിതിയാണ്. പുഴയിൽ അടിഞ്ഞുകൂടുന്നതൊന്നും നീക്കാൻ സംവിധാനമില്ല. വർഷങ്ങളായി മണൽവാരൽ നിരോധനം നിലനിൽക്കുന്നതിനാൽ പുഴകളുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തീരം ഇടിഞ്ഞും പുഴയിൽ പതിക്കുന്നത്. കോതമംഗലം, കാളിയാർ പുഴകളിലും മൂവാറ്റുപുഴയാറിലും തീരപ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. നെഹ്റു പാർക്കിലെ വെള്ളൂർക്കുന്നം കടവിന് സമീപവും സംരക്ഷണ ഭിത്തി ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.