മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ റോഡുകളിലെ വെള്ളക്കെട്ടിൽ ഗതാഗത തടസ്സം. മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിൽ എം.സി റോഡിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉയർന്നത്. കാനകൾ നിറഞ്ഞുകവിഞ്ഞൊഴുകിയാണു എം.സി റോഡിന്റെ വിവിധ ഭാഗങ്ങളുൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ വെള്ളത്തിലായത്.
അരമനപ്പടി, വാഴപ്പിള്ളി, പേഴക്കാപ്പിള്ളി എന്നിവിടങ്ങൾക്ക് പുറമെ ദേശീയപാതയിൽപെട്ട നഗരത്തിലെ വൺവേ ജങ്ഷനിലും കീച്ചേരിപ്പടി-നിരപ്പ് റോഡിലും വെള്ളക്കെട്ട് ഉയർന്നു. എം.സി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകതമൂലം പലസ്ഥലങ്ങളിലും റോഡരികിലുള്ള വ്യാപാര കേന്ദ്രങ്ങളിലേക്ക് വെള്ളംകയറുന്ന സ്ഥിതിയാണ്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കെട്ടിക്കിടക്കുന്ന മലിനജലം നാട്ടുകാരുടെ ദേഹത്തേക്കാണ് തെറിക്കുന്നത്. എം.സി റോഡിലെ വാഴപ്പിള്ളി, പേഴക്കാപ്പിള്ളി എന്നിവിടങ്ങളിലും വെള്ളക്കെട്ട് കനത്ത ദുരിതമാണ് വരുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെ എം.സി റോഡ് വികസിപ്പിച്ചപ്പോൾ കാന നിര്‍മാണം പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തിലെ അപാകതമൂലം കാനകൾ മണ്ണുനിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. പരാതിയുമായി നാട്ടുകാര്‍ രംഗത്തുവന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഗതാഗത തടസ്സം പതിവാണ്. പേഴക്കാപ്പിള്ളിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ രണ്ടുമാസം മുമ്പ് ഓട നവീകരിച്ചിരുന്നു. എന്നാൽ, കാനയിലെ മണ്ണും മാലിന്യവും നീക്കം ചെയ്യാതെയായിരുന്നു നവീകരണം നടത്തിയത്. ഇതോടെ വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടിനിൽക്കുകയായിരുന്നു. വൺവേ ജങ്ഷനിലും ഇതുതന്നെയാണ് സ്ഥിതി. തിരക്കേറിയ റോഡുകളിൽ വെള്ളക്കെട്ട് ഉയർന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. എം.സി റോഡിലെ അപകടങ്ങൾ കുറക്കാൻ ഓടകളിലെ മണ്ണും മാലിന്യവും മാറ്റി വെള്ളം ഒഴുകുന്ന രീതിയിലാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.