വില്ലേജ് ഓഫിസിലെയും കൃഷി ഓഫിസിലെയും രേഖകൾ പരിശോധിച്ചു

മഞ്ഞള്ളൂർ വില്ലേജിലെ അനധികൃത നെൽവയൽ നികത്തൽ; ഉന്നതതല സംഘം പരിശോധനക്കെത്തി

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെ തെക്കുംമലയിൽ അനധികൃതമായി നെൽവയൽ നികത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ജോയന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉന്നതതല സംഘമെത്തി. ജോയന്‍റ് സെക്രട്ടറി കെ. ബിജുവി‍െൻറ നേതൃത്വത്തിലെ സംഘമാണ് ചൊവ്വാഴ്ച തെക്കുംമല അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. സംഘം വിവാദമായ തെക്കുംമല പാടശേഖരത്തിലടക്കം സ്ഥലപരിശോധന നടത്തുകയും മഞ്ഞള്ളൂർ വില്ലേജ് ഓഫിസിലെയും കൃഷി ഓഫിസിലെയും രേഖകൾ പരിശോധിക്കുകയും ചെയ്തു.

2014 മുതൽ തെക്കുംമല പാടശേഖരത്തിൽ കൃഷി നടത്തിയതി‍െൻറയും അതിന് സബ്സിഡി കൊടുത്തതി‍െൻറയും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി പാടശേഖരം നികത്തിയതി‍െൻറയും രേഖകൾ പഞ്ചായത്തിലെ ഇടതു നേതാക്കളായ ഇ.കെ. സുരേഷ്, എം.കെ. മധു, കെ.കെ. പരമേശ്വരൻ, പി.ആർ. സനീഷ്, എം.ടി. സജീവൻ, വി.കെ. നവാസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സംഘത്തിന് കൈമാറി.

തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് നികത്തുന്നതിന് അനുമതി നൽകുന്നതിന് കൂട്ടുനിന്ന അന്നത്തെ കൃഷി ഓഫിസർക്കും വില്ലേജ് ഓഫിസർക്കുമെതിരെ നടപടിയെടുക്കണമെന്നും പാടശേഖരത്തിൽ ഇട്ട മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദിനും റവന്യൂ മന്ത്രി കെ. രാജനും മാർച്ചിൽ ഇടതു നേതാക്കൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ഉന്നതതലസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Tags:    
News Summary - Illegal paddy filling in Manjallur village; A high-level team visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.