മൂവാറ്റുപുഴ: എം.സി റോഡിൽ തൃക്കളത്തൂർ മേഖലയിൽ അപകടങ്ങൾ പെരുകുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഭർതൃഗൃഹത്തിലേക്ക് മടങ്ങുകയായിരുന്ന മകളെ ബസ് കയറ്റിവിട്ട ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന വയോധികനാണ് ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ മരിച്ചത്. അമിതവേഗതയും അശ്രദ്ധയുമാണ് മേഖലയെ കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നത്. ഒരു വർഷത്തിനിടെ തൃക്കളത്തൂർ പേഴയ്ക്കാപ്പിള്ളി പള്ളി പടി വരെ യുള്ള മൂന്നു കി.മീ. ദൂരത്തിലുണ്ടായത് മുപ്പതിലേറെ അപകടങ്ങളാണ്. ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടുവർഷം മുമ്പ് റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണമായത്.
തൃക്കളത്തൂർ മുതൽ പേഴയ്ക്കാപ്പിള്ളി വരെ യുള്ള മൂന്നു കി.മീ. ദൂരത്തിൽ വേഗത നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന റോഡ്സേഫ്റ്റി കമ്മിറ്റിയുടെ നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ടങ്കിലും ഇതുവരെ നടപ്പായിട്ടില്ല. നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. രണ്ടു മാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.
അപകടങ്ങൾ തുടർക്കഥയായതോടെയാണ് എട്ട് വർഷം മുമ്പ് വിദഗ്ധ സമിതി യോഗം ചേർന്ന് അപകടങ്ങൾ കുറക്കാൻ നിർദേശങ്ങൾ സമർപ്പിച്ചത്. പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള 20 കി.മീ. ദൂരത്തിൽ എട്ട് ഇടങ്ങൾ വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ അപകട മേഖലകളായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ അപകട മേഖലയായി കണ്ടെത്തിയത് തൃക്കളത്തൂരായിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ, വേഗത കുറക്കുന്നതിന് സ്പീഡ് ബ്രേക്കർ തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ചില ഭാഗങ്ങളിൽ ഓവർ ടേക്കിങ് ഒഴിവാക്കാൻ ട്രാഫിക് കോൺ സ്ഥാപിക്കുന്നതിനും ബസ് സ്റ്റോപ്പുകൾ നിലവിലുളള സ്ഥലങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.