മൂവാറ്റുപുഴ: വേനൽ കനത്ത് ചൂട് കൂടിയത് പൈനാപ്പിൾ കൃഷിക്ക് വിനയായി. ചൂട് കൂടിയതോടെ കാനി (പൈനാപ്പിൾ വിത്ത്) കിട്ടാത്തതിനാൽ പൈനാപ്പിൾ തോട്ടങ്ങളിൽ പുതിയ കൃഷി ആരംഭിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. കഴിഞ്ഞ വർഷം അഞ്ച് മുതൽ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തുകൾക്ക് ഇപ്പോൾ 15 രൂപയാണ് വില. എന്നിട്ടും ആവശ്യത്തിനു നല്ലയിനം വിത്തുകൾ ഒരിടത്തും കിട്ടുന്നുമില്ല.
പൈനാപ്പിൾ ചെടിയിൽനിന്ന് പൊട്ടിമുളക്കുന്ന ചെറിയ ചെടികളാണ് പൈനാപ്പിൾ വിത്തായി ഉപയോഗിക്കുന്നത്. നിലം ഒരുക്കി കാത്തിരുന്ന കർഷകർ വിത്ത് കിട്ടാനില്ലാത്തതിനാൽ കൃഷി ഇറക്കാൻ കഴിയാതെ വലയുകയാണ്.
നിലം ഒരുക്കിയതിനു വന്ന ഭാരിച്ച ചെലവ് നഷ്ടമാകുകയും ചെയ്തു. കടുത്ത ചൂടിൽ പൈനാപ്പിൾ ചെടികളിൽനിന്ന് വിത്തു പൊട്ടാതെ വന്നതോടെയാണ് നല്ലയിനം വിത്തുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത്. കനത്ത വേനിൽ പുല്ലുപോലും മുളക്കാതെ വന്നതോടെ കാലിത്തീറ്റയായി പൈനാപ്പിൾ ചെടി മാറിയതു മൂലം വിളവെടുത്ത തോട്ടത്തിലെ പൈനാപ്പിൾ ഇലകൾക്കും വില കൂടിയിട്ടുണ്ട്.
ഒമ്പത് രൂപയിൽനിന്ന് 13 രൂപ വരെയായി കന്നുകാലികൾക്ക് തീറ്റയായി നൽകുന്ന പൈനാപ്പിൾ ചെടികളുടെ വില ഉയർന്നിട്ടുണ്ട്. കനത്ത വേനലിൽ ഉണക്ക് ബാധിച്ച് പൈനാപ്പിൾ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതും പൈനാപ്പിൾ വില റെക്കോഡിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.