മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും കക്കടാശ്ശേരി-കാളിയാർ റോഡിലെ ആരംഭത്തിലുള്ള കക്കടാശ്ശേരി പാലത്തിന് നടപ്പാത നിർമിക്കണമെന്ന ആവശ്യം നടന്നില്ല. ആറരപ്പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന് റോഡ് നവീകരണത്തിന്റെ ഭാഗമായി നടപ്പാലം നിർമിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ സർക്കാറിന്റെ ഭരണകാലത്ത് 68 കോടി രൂപ അനുവദിച്ച റോഡ് നിർമാണം മൂന്നുമാസം മുമ്പാണ് പൂർത്തിയായത്. കക്കടാശ്ശേരി-കാളിയാർ റോഡ് നവീകരണത്തിന്റെ ഭാഗമായി കക്കടാശ്ശേരി പാലത്തിൽ ഉൾപ്പെടുത്തിയിരുന്ന നടപ്പാലം ഒഴിവാക്കുകയായിരുന്നു.
ഡി.പി.ആർ തയാറാക്കുന്ന സമയത്ത് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നതാണ്. പുതിയ സർക്കാർ പ്രോജക്ടിൽ മാറ്റം വരുത്തിയിരുന്നു. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നിർമാണം ഉയർന്ന നിലവാരത്തിൽ പൂർത്തിയായതോടെ 6.30 മീ. മാത്രം വീതിയുള്ള പാലത്തിലെ ഗതാഗതം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. അപകടവും വർധിച്ചു. ജനസാന്ദ്രതയേറിയ കക്കടാശ്ശേരി, പുന്നമറ്റം പ്രദേശത്തെ സാധാരണ ജനങ്ങളുടെ കാൽനട ബുദ്ധിമുട്ടേറിയതായി മാറിക്കഴിഞ്ഞു. ഇത് മുന്നിൽകണ്ടാണ് പാലം പുതുക്കിപ്പണിയാതെ കാൽനടക്കാർക്കായി സ്റ്റീൽ ഫുട് ബ്രിഡ്ജ് പണിയാൻ തീരുമാനിച്ചത്.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിച്ച പ്രധാന റോഡുകളിൽ ഒന്നാണിത്. കക്കടാശ്ശേരിയിൽനിന്ന് ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് അവസാനിക്കുന്നതാണ് നവീകരിച്ച 20 കി.മീ. റോഡ്. ഒരുകിലോമീറ്റർ റോഡ് നിർമാണത്തിന് ശരാശരി മൂന്നുകോടി രൂപയാണ് അനുവദിച്ചത്. നിലവിൽ ശരാശരി വീതി എട്ടുമീറ്റർ മാത്രമാണ്.
ടി.എ. മജീദ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 1958ലാണ് പാലം നിർമിച്ചത്. ആറുപതിറ്റാണ്ട് പിന്നിട്ടിട്ടും പാലത്തിൽ നവീകരണമൊന്നും നടന്നില്ല. മാറിയ സാഹചര്യത്തിൽ റോഡ് വീതികൂടി വാഹനത്തിരക്ക് ഏറിയതോടെ പാലത്തിലൂടെയുള്ള കാൽനടയാത്ര ദുഷ്കരമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.