മൂവാറ്റുപുഴ: ബസിൽ കുഴഞ്ഞുവീണ ലക്ഷദ്വീപ് സ്വദേശിയായ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ലക്ഷദ്വീപ് അഗത്തി പാണ്ടിനിയാട് ആറ്റക്കോയയാണ് (55) ഭാര്യയോടൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുമ്പോൾ കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെ 9.30ഓടെ മൂവാറ്റുപുഴ കടാതിയിലായിരുന്നു സംഭവം.
ആറ്റക്കോയ കുഴഞ്ഞുവീണതുകണ്ട് കണ്ടക്ടറും ബസ് ഡ്രൈവറും ചേർന്ന് ബസ് അതിവേഗത്തിൽ മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ എത്തിച്ചു.
ഗതാഗതക്കുരുക്കുമൂലം ആശുപത്രിക്കു സമീപം വെള്ളൂർക്കുന്നം ക്ഷേത്രത്തിനു സമീപം വരെ മാത്രമേ ബസിന് എത്താൻ കഴിഞ്ഞുള്ളൂ.
വിവരമറിഞ്ഞ് നെടുംചാലിൽ ആശുപത്രിയിലെ സീനിയർ നഴ്സ് റീന ആന്റോ സ്ട്രെച്ചറുമായി എത്തിയാണ് ആറ്റക്കോയയെ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരനെയുംകൊണ്ട് പോയ ബസ് ജീവനക്കാർ ആറ്റക്കോയക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയശേഷം ട്രിപ് മുടക്കാതെ യാത്ര തുടർന്നു.
ലക്ഷദ്വീപിൽനിന്ന് ചികിത്സക്കെത്തിയ ആറ്റക്കോയയും ഭാര്യയും എറണാകുളത്താണ് താമസിച്ചിരുന്നത്. എറണാകുളത്തുനിന്ന് രാവിലെ കെ.എസ്.ആർ.ടി.സി.യിൽ മൂവാറ്റുപുഴക്കു വരുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. ആറ്റക്കോയക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.