മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിലും, ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് കോളനിയിലും താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പട്ട് റവന്യൂ വകുപ്പ് നോട്ടിസ് നൽകി. കോർ മലയിലെ അഞ്ച് കുടുംബങ്ങളോടും മുതുകല്ലിലെ 15 കുടുംബങ്ങളോടും താൽക്കാലികമായി മാറി താമസിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യു വിഭാഗം നടപടി ആരംഭിച്ചുകഴിഞ്ഞു. അതേസമയം നോട്ടിസ് കിട്ടിയെങ്കിലും പല കുടുംബങ്ങളും മാറാൻ തയാറായിട്ടില്ല. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗര മധ്യത്തിലെ കോർമല കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. ഒമ്പത് വർഷം മുമ്പ് ശക്തമായ മഴയിൽ എം.സി റോഡിലേക്ക് ഇടിഞ്ഞുവീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐ.ബിയുമടക്കം സ്ഥിതി ചെയ്യുന്ന മല, മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷതിമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ടും വർഷങ്ങൾ കഴിഞ്ഞു.
എം.സി റോഡിന് സമാന്തരമായി ഐ.റ്റി.ആർ ജങ്ഷൻ മുതൽ എൻ.എസ്.എസ് കവല വരെ ഒരുകിലോമീറ്ററോളം ദൂരത്തിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിന്റെ ഒരുഭാഗം നൂറടിയിലേറെ ഉയരത്തിൽ നിന്നാണ് ഇടിഞ്ഞ് എം.സി റോഡിലേക്ക് പതിച്ചത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം മണ്ണിനടിയിൽ പെട്ട് നശിച്ചിരുന്നു. മഴ ശക്തമാകുന്നതോടെ ഇടക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിലെ മണ്ണിടിച്ചിൽ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.