മൂവാറ്റുപുഴ: മണ്ണാൻകടവ് തോട്ടിലേക്ക് വീടുകളിൽനിന്നുള്ള മലിനജലം ഒഴുക്കുന്നത് തടയാൻ പൊലീസ് സന്നാഹവുമായി എത്തിയ നഗരസഭ ഉദ്യോഗസ്ഥരെ പേട്ടയിൽ നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച തടയൽ മണിക്കൂറുകൾ നീണ്ടു. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു. മണ്ണാൻകടവ് തോട്ടിലേക്ക് ചേരുന്ന ഓടയിലെ മലിനജലത്തിെൻറ ഒഴുക്കു തടയാതെ വീടുകളിൽനിന്നുള്ള മാലിനജലത്തിെൻറ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പി.ഒ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ഓടയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സമീപത്തുള്ള ബാർ ഹോട്ടൽ, ലാബ്, തിയറ്ററുകൾ തുടങ്ങിയവയിൽനിന്നുള്ള ശുചിമുറി മാലിന്യമടക്കം ഒഴുക്കുകയാണ്.
ഇത് പേട്ടയിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകി മണ്ണാൻതോട് വഴി പ്രധാന കുടിവെള്ള സ്രോതസ്സായ മൂവാറ്റുപുഴയാറിലേക്കാണ് പതിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വൻകിട സ്ഥാപനങ്ങളിൽനിന്നുള്ള മലിനജല പ്രവാഹം തടഞ്ഞാൽ വീടുകളിൽനിന്നുള്ള മലിനജലം ഒഴുക്കില്ലെന്നും നാട്ടുകാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും സ്ത്രീകൾ അടക്കമുള്ളവർ വഴങ്ങിയില്ല. പ്രധാന ജനവാസ കേന്ദ്രമായ പേട്ടക്ക് നടുവിലൂടെയാണ് നഗരത്തിലെ പ്രധാന ഓട വന്നുചേരുന്ന മണ്ണാൻതോട് ഒഴുകുന്നത്. തോട് കടന്നു പോകുന്നിടങ്ങളിൽ മുഴുവൻ ദുർഗന്ധം വമിക്കുകയാണ്. ഈച്ചയും കൊതുകും പെരുകിയതുമൂലം ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത അവസ്ഥ പേട്ട നിവാസികൾക്കും ഉണ്ട്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ സമരം നടത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ളതടക്കം മാലിന്യം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. നഗരസഭയിലെ 16ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ഒരു സെന്റിലും രണ്ടു സെന്റിലുമാണ് ഇവിടെ വീടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.