മൂവാറ്റുപുഴ: കോതമംഗലം മാലിപ്പാറ ഗാന്ധിനഗറിൽ യുവാവിനെ ആളുമാറി മർദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ഒരു വർഷം കഠിന തടവും രണ്ട് ലക്ഷം വീതം പിഴയും. മാലിപ്പാറ സൊസൈറ്റിപ്പടി പുത്തൻപുര സജീവ്, അമ്പാട്ട് വീട്ടിൽ സന്ദീപ് എന്നിവരെയാണു മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു നൽകണം.
മൂന്നാം പ്രതി പാണിയേലി കളപ്പുരയ്ക്കൽ പ്രസന്നൻ, നാലാം പ്രതി ഐരൂർപാടം ഭാഗം മേക്കമാലി വീട്ടിൽ ജിൻസൻ ജോസ്, ആറാം പ്രതി പാണിയേലി ചെറുവള്ളിപ്പടി വീട്ടിൽ സരുൺ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു.
അഞ്ചാം പ്രതി പാണിയേലി കരിപ്പക്കാടൻ എബി എൽദോസ് വിചാരണ വേളയിൽ മരിച്ചിരുന്നു. മാലിപ്പാറയിൽ 2014 മാർച്ച് 16ന് പിണ്ടിമന നാടോടി ഗാന്ധിനഗറിൽ മുത്തം കൂഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ഏബ്രഹാമിന്റെ മകൻ ബിബിൻ ഏബ്രഹാം (22), പിണ്ടിമന ചെമ്മീൻകുത്ത് കൊല്ലുപറമ്പിൽ ഷാജിയുടെ മകൻ വിഷ്ണു (17) എന്നിവരാണ് കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്.
38 സാക്ഷികളെ വിസ്തരിച്ചു. 55 രേഖകളും 36 മുതലുകളും ഹാജരാക്കി. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ജി.ഡി. വിജയകുമാർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ കെ.എം. സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.