മൂവാറ്റുപുഴ: പന്ത്രണ്ട് വർഷം മുമ്പ് ആരംഭിച്ച മുടവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പാതിവഴിയില്‍. വര്‍ഷങ്ങളായി ഇഴഞ്ഞ് നീങ്ങിയിരുന്ന നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിട്ട് നാളുകളായി. പായിപ്ര പഞ്ചായത്തിലെ മുടവൂർ മേഖലയിലുള്ള 15, 16, 19 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്.
കാർഷിക മേഖലയായ ഇവിടെ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെട്ടുവരുന്നത്. മഴ മാറിയാൽ വെള്ളം കിട്ടാതെ കൃഷി ഉണങ്ങിവരളുന്ന സ്ഥിതിയുണ്ട്. നെല്ല്, ജാതി, കപ്പ, ചേന, കൊക്കോ, പച്ചക്കറികൾ, വാഴ തുടങ്ങി നിരവധി കൃഷികൾ പ്രദേശത്തുണ്ട്.
വേനൽ ആരംഭിക്കുന്നതോടെ കുടിവെള്ളത്തിനു പോലും ബുദ്ധിമുട്ടുന്ന മേഖലയാണ് മുടവൂര്‍. ഇതെല്ലാം കണക്കിലെടുത്താണ് ജില്ല പഞ്ചായത്ത് മുടവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് രൂപം നൽകിയത്. മുടവൂർ പാടശേഖരത്ത് കിണർ നിർമിച്ച് പൈപ്പ് വഴി വെള്ളം എത്തിച്ച് അംബേദ്കർ കവലയിൽ ടാങ്ക് നിർമിച്ച് സംഭരിച്ച ശേഷം വിവിധ പ്രദേശങ്ങളിൽ പൈപ്പ് വഴി ജലം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി മുടവൂര്‍ പാടശേഖരത്ത് കിണർ നിർമിച്ചു.
പമ്പ് ഹൗസിന്റെ നിർമാണവും പൂര്‍ത്തിയാക്കി. എന്നാൽ, ഇനിയും മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കുകയോ വൈദ്യുതി കണക്ഷൻ എടുക്കുകയോ ചെയ്തിട്ടില്ല. ജലസംഭരണിയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. കിണറിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം സംഭരണിയിൽ എത്തിക്കുന്നതിനുള്ള പ്രധാന കുഴലുകളും വിതരണത്തിനുള്ള കുഴലുകളും ഭാഗികമായാണ് സ്ഥാപിച്ചിട്ടുള്ളത്. വെളിയത്ത് പീടിക മുതല്‍ അഗ്രികള്‍ച്ചറല്‍ ബാങ്ക് വരെ വിതരണത്തിനും സംഭരണത്തിനുമുള്ള രണ്ട് ലൈന്‍ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുടവൂർ തോട് മുതൽ റേഷൻ കട വരെ മെയിൽ ലൈൻ മാത്രമാണ് വലിച്ചിട്ടുള്ളത്. ഒരു കിലോമീറ്ററോളം ഭാഗത്ത് ഒരുതരത്തിലുള്ള പൈപ്പുകൾ ഇനിയും ഇട്ടിട്ടില്ല. വെളിയത്ത് കവല മുതൽ സംഭരണി സ്ഥിതിചെയ്യുന്ന ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന പ്രദേശത്താണ് പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളത്.
കാർഷിക ബാങ്ക് മുതൽ റേഷൻകട വരെയുള്ള ഭാഗത്ത് ഒരു വരി മാത്രമാണ് പൈപ്പ് ലൈനുള്ളത്. ജില്ല പഞ്ചായത്തിന് ഫണ്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. വേനൽ ആരംഭിച്ചതോടെ മേഖലയിലുള്ളവർ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
ലക്ഷങ്ങൾ ഇതിനകം ചിലവഴിച്ച പദ്ധതി നിലവിൽ ആർക്കും പ്രയോജനമില്ലാത്ത തരത്തിലാണ്. കാർഷിക മേഖലയുടെ ജലക്ഷാമം പരിഹരിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യം ആക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇതിനിടെ മൂന്ന് മാസം മുമ്പ് പഞ്ചായത്ത് ഇടപെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടർ നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.