മൂവാറ്റുപുഴ: വാഹനങ്ങളുടെ അനധികൃത പാർക്കിങ് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ ചളിക്കുളമാക്കി. ഇതിനു പുറമെ കാനകൾക്കു മീതെ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർത്ത് അപകടക്കെണിയും സൃഷ്ടിക്കുന്നു. ഇ.ഇ.സി, മാർക്കറ്റ് ബൈപാസിലെ കോൺക്രീറ്റ് സ്ലാബുകളാണ് നാഷനൽ പെർമിറ്റ് ലോറികളുടെ അനധികൃത പാർക്കിങ് മൂലം തകർന്നത്.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ പാർക്കിങ് മൂലം സ്റ്റേഡിയം പരിസരം ചളിനിറഞ്ഞു കുളത്തിനു സമാനമായി. നഗരത്തിലെത്തുന്ന നാഷനൽ പെർമിറ്റ് ലോറികൾ ഉൾപ്പെടെ ഇപ്പോൾ സ്റ്റേഡിയം മൈതാനത്താണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. ടാർ മിക്സിങ് വാഹനങ്ങൾ എന്നിവയും പാർക്ക് ചെയ്യുന്നുണ്ട്. നേരത്തേ ഇത്തരം പാർക്കിങ്ങിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ സംരക്ഷണവേലി കെട്ടിയിരുന്നു. താമസിയാതെ ഇത് പൊളിച്ചുനീക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആരംഭിക്കുകയായിരുന്നു. വാഹനങ്ങളിൽനിന്ന് അനധികൃതമായി പാർക്കിങ് ഫീസും ഈടാക്കുന്നുണ്ട്.
നഗരത്തിലെത്തുന്ന വാഹനങ്ങൾ എവറസ്റ്റ് കവലയിലുള്ള വണ്ടിപ്പേട്ടയിലും ഹോമിയോ ആശുപത്രിക്ക് സമീപവും പാർക്ക് ചെയ്യണമെന്നാണ് നിർദേശമെങ്കിലും പാലിക്കപ്പെടുന്നില്ല. സ്റ്റേഡിയം റോഡിന്റെ ഇരുവശത്തും പാർക്കിങ് വ്യാപിച്ചു. ഇതുമൂലം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.
സ്റ്റേഡിയത്തിലെ പാർക്കിങ് ഒഴിവാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞിരുന്നു. എന്നാൽ, ഒന്നും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.