മൂവാറ്റുപുഴ: മാരത്തൺ ചർച്ച നടന്നെങ്കിലും മുറിക്കല്ല് ബൈപാസ്റോഡ് വെള്ളിയാഴ്ചയും തുറക്കാനായില്ല. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്. വ്യാഴാഴ്ച മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം ഉടമകളുമായി നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച രാവിലെ 7.30ഓടെ തുറക്കാനായിരുന്നു ധാരണ.
രാവിലെ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും മുറിക്കൽ കോളനിവാസികൾ തടസ്സവാദവുമായി വരികയായിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവരെ വിശ്വാസത്തിലെടുക്കാൻ വാർഡ് കൗൺസിലർ അടക്കമുള്ളവരെ വ്യാഴാഴ്ചതന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇവരും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
വീതി കുറഞ്ഞ മുറിക്കൽ കോളനിയിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ എത്തുന്നത് തങ്ങൾക്ക് ഭീഷണിയാെണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തടസ്സമുന്നയിച്ചത്. മുമ്പ് നടന്ന ചർച്ചകളിൽ തങ്ങളെ ഉൾപെടുത്തിയിെല്ലന്നും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു. തുടർന്ന് എം.എൽ.എ സ്ഥലത്തെത്തി രണ്ട് ദിവസത്തേക്ക് വാഹനങ്ങൾ ഓടി നോക്കട്ടെയെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഇതോടെ എം.എൽ.എ മടങ്ങി. ഉച്ചകഴിഞ്ഞ് പലവട്ടം ഇവരുമായി മുനിസിപ്പൽ ചെയർമാൻ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാത്രി എട്ടിന് നടന്ന ചർച്ചകൾക്കൊടുവിൽ ഒരു ദിവസത്തെ അവധി ആവശ്യപ്പെട്ടിരിക്കുകയാണ് കോളനിവാസികൾ. ഞായറാഴ്ച രാവിലെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായി മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് താൽക്കാലികമായ പരിഹാരം കാണാൻ മുറിക്കല്ല് പാലത്തിലൂടെ ചെറിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടാൻ നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടി ബൈപാസ് റോഡ് നിർമിച്ചത് തിങ്കളാഴ്ച തുറന്നു കൊടുക്കാനിരിക്കെ തങ്ങളോട് ആലോചിക്കാതെ സ്ഥലംകൈയേറി എന്ന പരാതിയുമായി സ്ഥലം ഉടമകൾ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.