മൂവാറ്റുപുഴ: തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ മുറിക്കല്ല് ബൈപാസ് റോഡ് തുറക്കാൻ ധാരണ. വെള്ളിയാഴ്ച രാവിലെ മുതൽ വാഹനങ്ങൾ ഓടും. മാത്യു കുഴൽനാടൻ എം.എൽ.എ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചാലിക്കടവ് പാലത്തിന്റെയും മൂവാറ്റുപുഴ ടൗൺ റോഡിന്റെയും പണിപൂർത്തീകരിക്കുന്നത് വരെ ഈ സ്ഥലത്തുകൂടി വാഹനം ഓടിക്കാനുള്ള അനുമതി സ്ഥലം ഉടമകൾ നൽകി. ഒരുവർഷത്തിനുശേഷം ഇത് തിരികെ നൽകാമെന്ന എം.എൽ.എയുടെയും മുനിസിപ്പൽ ചെയർമാന്റെയും മറ്റും ഉറപ്പിലാണ് താൽക്കാലികമായി സ്ഥലം വിട്ടുനൽകാൻ ധാരണയായത്. വീതി കുറഞ്ഞ റോഡിലൂടെയുള്ള വാഹന ഗതാഗതം സ്വൈരജീവിതത്തിന് ഭീഷണിയാണെന്ന മുറിക്കല്ല് കോളനിവാസികളുടെ പരാതി പരിഹരിക്കാൻ അവരുമായി സംസാരിക്കാനും ആവശ്യങ്ങൾ പരിഗണിക്കാനും വാർഡ് കൗൺസിലർമാരായ ജിനു മടേക്കൽ, ബിന്ദു ജയൻ എന്നിവരെ എം.എൽ.എ ചുമതലപ്പെടുത്തി.
മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ആർ.ഡി.ഒ പി.എൻ. അനി, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ സിന്ധു ജോൺ, വൈസ് ചെയർപഴ്സൻ സിനി ബിജു, വാർഡ് കൗൺസിലർമാരായ ബിന്ദു ജയൻ, ജിനു മടേക്കൽ, സ്ഥലം ഉടമകൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.