മൂവാറ്റുപുഴ: മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം മൂവാറ്റുപുഴ , കോതമംഗലം ബൈപാസുകൾക്ക് പുതുജീവൻ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിയിലെ മൂവാറ്റുപുഴ കടാതി - കാരക്കുന്നം ബൈപാസ്, കോതമംഗലത്തെ മാതിരപ്പിള്ളി - കോഴിപ്പിള്ളി ബൈപാസ് എന്നിവയാണ് ദേശീയപാത വികസന അതോറിറ്റി, സ്റ്റാൻഡ് -എലോൻ പദ്ധതിയായി അംഗീകരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
കടാതി മുതൽ കാരക്കുന്നം വരെ ബൈപാസിന് 5.5 കിലോമീറ്ററും മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസിന് നാല് കിലോമീറ്ററുമാണ് ദൂരം. പുതിയ പശ്ചാത്തലത്തിൽ അലൈൻമെന്റിും ഭൂമിയേറ്റെടുക്കലിനും നിർണാണപ്രവർത്തനങ്ങൾക്കായുമുള്ള എസ്റ്റിമേറ്റ് തുകയും കണക്കാക്കി സമയബന്ധിതമായി ഡി.പി.ആർ റിപ്പോർട്ട് സമർപ്പിക്കുവാൻ ഭോപാൽ ആസ്ഥാനമായ എച്ച്.ഇ എസ്കൺസറ്റൻസിയെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, എം.പിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. രണ്ട് ബൈപാസുകൾക്കുമായി ഏകദേശം 1500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1994ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാന എൻ.എച്ച് വിഭാഗം അലൈൻമെന്റ് തയാറാക്കി പദ്ധതി രേഖകൾ സമർപ്പിച്ചെങ്കിലും സാമ്പത്തിക ഞെരുക്കവും മറ്റും മൂലം അംഗീകാരമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചതും നാഷനൽ ഹൈവേക്കും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും നിവേദനങ്ങൾ സമർപ്പിക്കുന്നതും. തുടർന്ന് സ്ഥലമേറ്റെടുപ്പിന് പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ട് നാഷനൽ ഹൈവേ സംസ്ഥാന സർക്കാറിന് കത്ത് നൽകി. എന്നാൽ, സംസ്ഥാന സർക്കാർ സാമ്പത്തിക ഞെരുക്കം മൂലം അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. നേരത്തേ നിശ്ചയിച്ച 45 മീറ്റർ വീതി കുറച്ച് 30 മീറ്റർ ആക്കി നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കണമെന്ന എം.പിയുടെ നിർദേശമനുസരിച്ചാണ് പദ്ധതിക്ക് അംഗീകാരമായത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കൊച്ചി മുതൽ മൂന്നാർ വരെ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുമ്പോൾ ബൈപാസിന്റ നിർമാണത്തിനും തുടക്കംകുറിക്കാൻ കഴിയുമെന്നത് മൂവാറ്റുപുഴയുടെയും കോതമംഗലത്തിന്റെയും വൻ വികസനത്തിന് വഴിവെക്കുമെന്നും ഗതാഗതക്കുരുക്കിന് ഒരളവുവരെ പരിഹാരമാകുമെന്നും ടൂറിസം, കാർഷിക മേഖലക്ക് വലിയ നേട്ടമാകുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.