മൂവാറ്റുപുഴ: ഒരുകാലത്ത് മൂവാറ്റുപുഴ ടൗണിലെ വാണിജ്യ കേന്ദ്രമായിരുന്ന ചന്തക്കടവ് കാടുകയറി നശിക്കുന്നു. രാപ്പകൽ ഭേദമന്യേ ചങ്ങാടങ്ങളും തൊഴിലാളികളും ചുമട്ടുകാരും വ്യാപാരികളും ചായക്കച്ചവടക്കാരും അടക്കമുള്ളവരെക്കൊണ്ട് നിറഞ്ഞ് തിരക്കും ബഹളവും നിറഞ്ഞുനിന്ന കടവ് ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ നഗര ഭരണാധികാരികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. നിലവിൽ കാടുകയറി മണൽപുറമുണ്ടായിരുന്നിടത്ത് മുഴുവൻ ചളിയും മണ്ണും അടിഞ്ഞുകയറി നശിച്ചനിലയിലാണ്. അഞ്ച് പതിറ്റാണ്ട് മുമ്പുവരെ കിഴക്കൻ മഖലകളിൽനിന്നടക്കം എത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ അന്നത്തെ തുറമുഖ പട്ടണമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നത് ചന്തക്കടവിൽനിന്നായിരുന്നു.
മൂന്നുപുഴകൾ ഒന്നായി മൂവാറ്റുപുഴയാറായി മാറുന്ന ത്രിവേണി സംഗമത്തിലെ കാവുങ്കരയിലാണ് ചന്തക്കടവ്. ത്രിവേണി സംഗമത്തിലെ ചന്തക്കടവിൽനിന്ന് കിഴക്കേക്കരയെയും കാവുംപടിയെയും അടക്കം മൂന്നു കരകളെയും ബന്ധിപ്പിച്ച് കടത്ത് ഉണ്ടെങ്കിലും ചന്തക്കടവിലേക്ക് കടത്തുവഞ്ചിയിൽ കയറാൻ ഇറങ്ങണമെങ്കിൽ കാട് വകഞ്ഞ് മാറ്റിയേ കഴിയൂ. രാവിലെ 6.30 മുതൽ വൈകീട്ട് ഏഴ് വരെയാണ് കടത്തുള്ളത്. വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കടവ് കാടുകയറിയതോടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. നിരവധിപേർ കുളിക്കാനെത്തിയിരുന്നെങ്കിലും ചളിയും മണ്ണും അടിഞ്ഞതോടെ ഇങ്ങോട്ട് വരാതായി.
മൂവാറ്റുപുഴയാറിലെ പ്രധാന കടവുകളൊക്കെ നാശത്തിന്റെ വക്കിലാണ്. കിഴക്കേക്കര കടവ്, കൊച്ചങ്ങാടി കടവ്, തൊണ്ടിക്കടവ്, പേട്ടക്കടവ് തുടങ്ങി കടവുകളുടെയും അവസ്ഥ ഭിന്നമല്ല.
നേരത്തേ കടവുകൾ വർഷത്തിലൊരിക്കൽ കാടുവെട്ടി ചളി നീക്കം ചെയ്യുകയെങ്കിലും ചെയ്തിരുന്നു. എന്നാൽ, പുതിയ കൗൺസിൽ വന്നശേഷം വെള്ളൂർക്കുന്നം കടവ് ഒഴിച്ച് മറ്റ് കടവുകൾ ഒന്നും നന്നാക്കിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കടവുകൾ അവയുടെ ചരിത്രപ്രാധാന്യം കണ്ടറിഞ്ഞു സംരക്ഷിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.