മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഭാഗമായി അത്യാധുനീക സൗകര്യങ്ങളോടെ നിർമിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് കിഫ്ബി ബോർഡ് അംഗീകാരം നൽകി. നിലവിലെ ഡി.പി.ആറിൽ കാതലായ മാറ്റങ്ങൾ വരുത്തി കൂടുതൽ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിക്കുക. ഇതിനായി 44.22 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
നിർമാണം പൂർത്തിയാവുന്നതോടെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ഇത് മാറും. അത്ലറ്റിക് മീറ്റുകളടക്കം കൂടുതൽ കായികവിനോദങ്ങൾ പുതിയ സ്റ്റേഡിയത്തിൽ നടക്കും. കായികരംഗത്തെ വിദഗ്ധരിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആറിൽ മാറ്റംവരുത്തിയതെന്നും എം.എൽ.എ പറഞ്ഞു.
സ്റ്റേഡിയത്തിൽ ഗാലറി, ഫുട്ബാൾ കോർട്ട്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, ടേബിൾ ടെന്നീസ് കോർട്ട്, വോളിബാൾ കോർട്ട്, ബാസ്കറ്റ്ബാൾ കോർട്ട്, സിന്തറ്റിക് ട്രാക്, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. ഇതിന് പുറമേ കളിക്കാർക്കും ഒഫിഷ്യൽസിനുമായി ഹോസ്റ്റലും നിർമിക്കും.
ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കി താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സ്റ്റേഡിയം നിർമാണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷന്റെ തീരുമാനം.
നേരത്തേ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എ. ഷാജഹാൻ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തിയത്. തുടർന്നാണ് നേരത്തേ ഉണ്ടായിരുന്നതിൽനിന്ന് മാറ്റംവരുത്തി നിർമാണം നടത്താൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.