മൂവാറ്റുപുഴ: മൂന്നര പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി ദേശീയപാത ടെക്നിക്കൽ മെംബർ ആർ.കെ. പാണ്ഡെ സ്ഥലം സന്ദർശിക്കും. സ്ഥലവില കൂടുതലായതിനാൽ സ്ഥലമേറ്റെടുപ്പ് അടക്കം നടക്കാതെ വന്നതിനാലാണ് പദ്ധതി വൈകിയത്.
ഇതിന് പരിഹാരമായി എലിവേറ്റഡ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇതേ തുടർന്നാണ് ടെക്നിക്കൽ മെംബർ സ്ഥലത്തെത്തുന്നത്.
ബൈപാസിനായി വലിയ ആഘോഷങ്ങളോടെ സ്ഥലനിർണയമൊക്കെ നടത്തി അതിര്‍ത്തിക്കല്ലുകള്‍ 1992ല്‍ സ്ഥാപിച്ചെങ്കിലും പിന്നീട് ഭൂമിയേറ്റെടുക്കുന്ന നടപടികളൊന്നും ഉണ്ടായില്ല. കല്ലിട്ടു തിരിച്ചതിനെ തുടര്‍ന്ന് ഇവിടെയുള്ള 300ഓളം കുടുംബങ്ങള്‍ക്ക് ഭൂമി വിൽക്കാനോ, പണയം വെക്കാനോ ഇടിഞ്ഞുവീഴാറായ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ സാധിക്കാത്ത അവസ്ഥയിലാണ്. ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുമെന്നു വര്‍ഷങ്ങൾ മുമ്പേ റവന്യൂ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
കോതമംഗലത്തെ കോഴിപ്പിള്ളി- മാതിരപ്പിള്ളി ബൈപാസ് പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. 30 മീറ്റർ വീതിയിൽ നാല് കി.മീ. വീതം ദൂരത്തിൽ രണ്ട് ബൈപാസുകൾക്ക് അലൈൻമെന്റ് തീരുമാനിച്ചിരുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
എൻ.എച്ച് 185 അടിമാലി -കുമളി 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. കുമളി - മുണ്ടക്കയം എൻ.എച്ച് 183, റോഡും ലാൻഡ് അക്വിസിഷൻ നടപടികൾ വേഗത്തിലാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.