മൂവാറ്റുപുഴ: ടൗണിൽ മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടിയുമായി മുന്നോട്ടുപോകുമ്പോഴും റോഡുകൾ മാലിന്യകേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ കാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി മൂവാറ്റുപുഴ നഗരസഭ . ഇതിനായി എട്ട് ലക്ഷം രൂപ കൂടി വകയിരുത്തി. രണ്ടാഴ്ചക്കകം ടൗണിലെ 15ഓളം കേന്ദ്രങ്ങൾ കാമറ നിരീക്ഷണത്തിലാകും.
പത്തു വർഷം മുമ്പ് 15 കേന്ദ്രങ്ങളിൽ നഗരസഭ കാമറകൾ സ്ഥാപിച്ചങ്കിലും മാസങ്ങൾക്കകം പ്രവർത്തനരഹിതമായി. ഇവ നോക്കുകുത്തിയായി നിലകൊള്ളുമ്പോഴാണ് പുതിയത് സ്ഥാപിക്കുന്നത്. 15 ലക്ഷം ചെലവഴിച്ചാണ് പത്ത് വർഷം മുമ്പ് കാമറകൾ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിൽ കൺട്രോൾ യൂനിറ്റും ഒരുക്കി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കാമറകൾ തകരാറിലായി. പിന്നീട് ഇവ പ്രവർത്തനക്ഷമമാക്കിയെങ്കിലും രണ്ട് വർഷം പിന്നിട്ടപ്പോഴേക്കും നിശ്ചലമായി.
ഇതിനുശേഷം നഗരം ഏറെ വളരുകയും മാലിന്യം തള്ളൽ രൂക്ഷമാകുകയും ചെയ്തു. ഇതിനെതിരെ വൻ പിഴ ഈടാക്കുന്നതടക്കം പല നടപടികളുംകൈ കൊണ്ടങ്കിലും തെരുവോരങ്ങളിൽ മാലിന്യം നിറയുകയായിരുന്നു . ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായികളുമായി സഹകരിച്ച് 15 സ്ഥലത്തെങ്കിലും കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.